Monday, September 10, 2018

അമേരിക്കൻ സഖാവ്

അമേരിക്കയിൽ മലയാളം പടം ഒക്കെ തീയേറ്ററിൽ വരുന്നത് ആണ്ടിനും സംക്രാന്തിക്കും മാത്രം ആണ്, അതും amc പോലെ ഉള്ള വലിയ തീയേറ്ററുകളിൽ അതു കളിക്കാറില്ല...വല്ല കാട്ടുമുക്കിലും ഉള്ള ചെറിയ തീയേറ്ററുകളിൽ മാത്രമേ വരാറുള്ളൂ...

അങ്ങനെ ഇരിക്കെ ആണ് CIA ഇവിടെ പ്രദർശനത്തിന് വരുന്നത്. പുതിയ ഒരു തീയേറ്ററിൽ ആണ് സംഭവം വന്നിരിക്കുന്നത്. ഗൂഗിൾ പെണ്ണ് പറഞ്ഞു തന്ന വഴിയിലൂടെ തീയേറ്ററിലേക്കു വെച്ചു പിടിച്ചു. ഗൂഗിൾ പെണ്ണിനെ കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല. പണ്ടൊരിക്കൽ "Take a left turn and then you will reach your destination" എന്നു ഗൂഗിൾ പെണ്ണ് പറഞ്ഞതു കെട്ടിരുന്നേൽ ഞാനിപ്പോ "Final destination" എത്തിയേനെ. കൊക്കയുടെ താഴെ ആയിരുന്നു യഥാർത്ഥ ഡെസ്റ്റിനേഷൻ...എന്തായാലും ഇത്തവണ തെറ്റിക്കാതെ കൊണ്ടു എത്തിച്ചു.

ടിക്കറ്റ് എടുക്കാൻ ചെന്നെപ്പോ ഒരു സായിപ്പ് അവിടെ ബ്രൂ കാപ്പി ഉണ്ടാക്കുന്നു. പുള്ളി തന്നെ ആണ് ടിക്കറ്റ് കൊടുക്കുന്നതും. പുള്ളി തന്നെയാണ് അവിടെ ഓൾ ഇൻ ഓൾ...മുതലാളിയും, തൊഴിലാളിയും. വെച്ചു താമസിപ്പിക്കാതെ സിനിമക്ക് കേറി...സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ, ദുൽഖർ sfi കാരനായും, പിന്നെ കാമുകിയെ കാണാൻ മെക്സിക്കോ വഴി അനധികൃതമായി അമേരിക്കയിൽ കടക്കുന്നതും ആണ് കഥ. ഇങ്ങനെ ഓടി കേറാൻ ആണേൽ h1b വിസയുടെ പെടാപ്പാട് ഒന്നും വേണ്ടല്ലോ...

സിനിമ കഴിഞ്ഞു, ആളുകൾ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി...അപ്പോഴാണ് ഗാലറി സീറ്റിൽ പിന്നിലത്തെ റോയിൽ കണ്ണും തള്ളി രണ്ടു പേരിരിക്കുന്നത് ഞാൻ കണ്ടത്..ഒരു സായിപ്പും മദാമ്മയും...CIA എന്നു കേട്ടു സ്പിൽബെർഗ് അണ്ണന്റെ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയെ പറ്റി ഉള്ള കഥയാണെന്നു വിചാരിച്ചു കയറിയതാണ് പാവങ്ങൾ. മൂന്നു മണിക്കൂർ എന്താ നടന്നത്, ഏതാ ഭാഷ എന്നു അറിയാതെ ഷോക്ക് അടിച്ച പോലെ ഇരുപ്പാണ്...

പോന്ന പോക്കിന് ഞാൻ സായിപ്പിനോട് ചോദിച്ചു "ബീഡി ഉണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ?"
Share:

1 comments:

ArunG ~ അരുൺജി said...

"ബീഡി ഉണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ?"