Thursday, January 15, 2026

നിലാവിൻ തോണി

നിലാവിൻ തോണിയിൽ ഞാൻ, കിനാവിൻ തീരത്തെത്തി 
ചിരാഗിൻ വെട്ടത്തിൽ ഞാൻ, നിന്നെ തേടുവാനായി 

ഇരവിൽ തേടിയത് ഞാൻ, പകലിൽ കൈവെടിഞ്ഞതോ
ഭ്രമമായി മാറിയതൊന്ന്. നിനവായി മറഞ്ഞതാണോ 

പറയാൻ പിടഞ്ഞ മൊഴികൾ, ഹൃദയം തടഞ്ഞതാണോ 
ജനലരികിൽ കണ്ട നിഴൽ, മനസ്സിൻ ചെയ്തിയാണോ 

നിലാവിൻ തോണിയിൽ ഞാൻ, കിനാവിൻ തീരത്തെത്തി 

മഴയിൽ നിറഞ്ഞ മിഴികൾ, പുഴയിൽ പെയ്തിറങ്ങി
ഉയരാൻ വെമ്പിയ പട്ടം, നൂലിൻ പിടിയിൽ ഒതുങ്ങി
ഇരവിൽ പോകേണ്ട വഴിയോ, എങ്ങോ പോയി മറഞ്ഞു

നിലാവിൻ തോണിയിൽ ഞാൻ, കിനാവിൻ തീരത്തെത്തി 
കിനാവിൻ തീരത്ത് ഞാൻ, ചിരാഗിൻ നാളം കെടുത്തി, ചിരാഗിൻ നാളം കെടുത്തി


Song link

Share:

Monday, June 19, 2023

ഇലോപ്പ്ഡ്

 എല്ലാ fallഇലും ഇലകളുടെ കളർ മാറുമ്പോൾ ഫോട്ടോ എടുക്കാൻ ഒരു ടൂറിസ്റ്റ് സ്പോട്ടിൽ പോകാറുണ്ട്. ഇന്ത്യക്കാർ, ഫോട്ടോ എടുത്ത് FB യിൽ ഇട്ടു ഷോ കാണിക്കാൻ സ്റ്റൈലിൽ ഒക്കെ ആണ് വരവ്, സായിപ്പന്മാർ ഇതൊക്കെ കണ്ട് വണ്ടർ അടിച് നിൽക്കും. ഇന്ത്യക്കാരുടെ ഷോ കാണാൻ ആണ് അവർ വരുന്നത് എന്നെനിക്ക് തോന്നാറുണ്ട്.

രണ്ടു വട്ടം പോയപ്പോഴും ഭാര്യയുടെ ഒരുക്കം കണ്ട് ചില അമേരിക്കക്കാർ കുശു കുശുക്കുന്നത് ഞാൻ കണ്ടൂ. കുറച്ചു പുട്ടിയും കൂടെ ഇട്ടാൽ നമ്മടെ കളർ ആയേനെ ആ പെങ്കൊച്ചിന് എന്നായിരിക്കും അവർ പറഞ്ഞത്!!!

മൂന്നാം വട്ടം ഞങ്ങൾ ഒന്നൂടെ പോയി. അതായിരുന്നു അവസാന വട്ടം. കഥ ചുവടെ...

പതിവ് പോലെ പടം ഒക്കെ പിടിച്ചു ഞങ്ങൾ തിരിച്ചു കാറിൽ കേറാൻ നടന്നു വരികയാണ്. എതിരെ ഒരു 60 വയസുള്ള ഒരു സായിപ്പ് അപ്പൂപ്പനും അത്ര തന്നെ പ്രായം ഉള്ള ഒരു മദാമ്മയും. സൽപുത്രൻ നല്ല വാചകം ആയതു കൊണ്ട് അവരോട് പള പള വർത്തമാനം തുടങ്ങി. അവൻ്റെ അടുത്ത് നിന്ന് രക്ഷപെടാൻ ആകും സായിപ്പ് ഭാര്യയെ കത്തിക്ക് മുന്നിൽ ഒറ്റക്കാക്കി ഞങ്ങളോട് കുശലം പറയാൻ വന്നു.

അങ്ങേരുo ഭാര്യയും 5 വർഷം മുന്നേ ഹണിമൂണിന് വന്ന സ്പോട്ട് ആണത്രേ അത്. അന്ന് എടുത ഫോട്ടോ പോലെ ഒന്നൂടെ എടുക്കാൻ വന്നതാണ്. ഭാര്യയുടെ ഒരുക്കം കണ്ടിട്ട് അവളോട് ആണ് സായിപ്പ് വാചകം മൊത്തം. 55ആം വയസിൽ മക്കളോട് ഒന്നും പറയാതെ ഒളിച്ചോടി കെട്ടിയത് ആണ് എന്ന് സായിപ്പ് പറഞ്ഞു... ഞാൻ നോക്കിയപ്പോ സായിപ്പ് പ്രതീക്ഷിച്ച അമ്പരപ്പ് ഇന്ത്യക്കാരി ആയ എൻ്റെ ഭാര്യയുടെ മുഖത്ത് ഇല്ല. ഇതൊക്കെ നമ്മൾക്ക് കേട്ട് കേൾവി ഇല്ലാത്ത കാര്യം ആകും എന്നു സായിപ്പിന് അറിയാം, അതിനൊത്ത ഒരു expression അങ്ങേരു പ്രതീക്ഷിച്ചു. അവള് ആണെങ്കിൽ ഇതൊക്കെ എന്ത് ??എന്ന് ഉള്ള ഭാവം ആണ്. പണ്ട് London underground മെട്രോയിൽ കേറിയെപ്പോ, ഇതൊക്കെ എന്ത്?? നിങ്ങ കൊല്ലം റെയിൽവേ സ്റ്റേഷൻ കണ്ടിരിക്കണാ എന്നു ചോദിച്ച ടീം ആണ്.

സായിപ്പ് expression കിട്ടിയേ അടങ്ങൂ എന്നാണ്....We eloped!!! We eloped !!! എന്ന് അങ്ങേരു തൊണ്ട കീറുന്നത് എനിക്ക് കേൾക്കാം. കുറച്ചു കഴിഞ്ഞപ്പോൾ അങ്ങേരു എനിക്ക് നേരെ തിരിഞ്ഞു എന്നിട്ട് പറഞ്ഞു: "ഈ eloped ഇൻ്റെ അർത്ഥം ഈ മറുതയോട് ഒന്ന് പറഞ്ഞു കൊടുക്കടെ".... അതിൽ പിന്നെ fall ആകുമ്പോൾ അവൾക്ക് ഫോട്ടോയും എടുക്കേണ്ട പ്രൊഫൈൽ പിക്ചർ മാറ്റുകേം വേണ്ട... 

വാൽകക്ഷണം: തണുത്ത ഹേമന്തത്തിൽ, expression കിട്ടാതെ, Eloped !!! Eloped !!! എന്ന് നിലവിളിച്ചു ആ മലഞ്ചരുവില് ആ സായിപ്പ് ഇന്നും അലയാറുണ്ടത്രെ!!!!

Share:

Wednesday, August 25, 2021

How to kill a hummingbird

 ചൂടുകാലത്ത് കുറച്ചു പഞ്ചാര വെള്ളം കലക്കി ബാൽക്കണയിൽ വെച്ചാൽ ഹമ്മിങ് ബേർഡുകൾ അതു കുടിക്കാൻ വരും. പൂക്കളിൽ നിന്നുള്ള തേൻ കുടിച്ചു ജീവിക്കുന്ന ഇവയ്ക്കു ഈ പഞ്ചാര വെള്ളം പെരുത്തു ഇഷ്ടമാണ്. പണിയെടുക്കാതെ തിന്നാൻ മനുഷ്യമാർക്കു മാത്രമല്ല കൊതി.നീണ്ട കൊക്കുമായി പറന്നു നിന്നാണ് ആശന്മാർ  കുടിക്കുന്നത്. സെക്കൻഡിൽ പത്തു വട്ടം ചിറകടിക്കുന്ന ഇവയുടെ പടം ഷട്ടർ സ്പീഡ് കൂട്ടി ഫോട്ടോ എടുക്കുക എന്നതാണ് എന്റെ ദുരുദ്ദേശം.

ആദ്യം ഒന്നു മടിച്ചു നിന്നെങ്കിലും വെള്ളത്തിന്റെ രുചി പിടിച്ചപ്പോൾ ആശാൻ സ്ഥിരം ബാൽക്കണിയിലെ അതിഥി ആയി. അങ്ങനെ ഇരിക്കെ ഞങ്ങൾ ഒരു ടൂർ പോയി. ഫുൾ പഞ്ചാര വെളളം കലക്കി വെച്ചിട്ടാണ് പോയത്. തിരിച്ചു വന്നപ്പോൾ എല്ലാം കാലി. ഞങ്ങളെ കണ്ടതും ആശാൻ ചിറകടിച്ചു വന്നു, "താമസിച്ചാൽ ഒന്നു വിളിച്ചു പറഞ്ഞൂടെ ശവിയേ" എന്ന ഭാവത്തിൽ. യാത്രക്ക് കരുതി വെച്ചിരുന്ന ടപ്പയിൽ നിന്നു ഞാൻ പഞ്ചാര എടുത്തു വെളളം കലക്കി വെച്ചു. രണ്ടു ദിവസം പണിയെടുത്തു ക്ഷീണിച്ചു ഭക്ഷണം കഴിച്ചതിന്റെ ക്ഷീണം അകറ്റാൻ അവൻ പറന്നു വന്നു..പനി പിടിച്ചു കഞ്ഞി കുടിച്ചു കിടന്നിട്ടു, പനി മാറി പറോട്ടയും ബീഫ് ഫ്രൈയും കണ്ടാൽ എന്തായിരിക്കും അവസ്ഥ. ആ, അതേ ഫീലിംഗ്..

നീണ്ട ചുണ്ടുമായി പറന്നു നിന്നു അവൻ ആക്രാന്തത്തിൽ ഒരു കവിൾ വെളളം കുടിച്ചതെ ഉള്ളൂ. നിന്ന നിൽപ്പിൽ മൊത്തത്തിൽ ഒരു വിറയൽ. ആദ്യമായി ആണ് ഒരു പക്ഷി വിറയ്ക്കുന്നത് ഞാൻ കാണുന്നത്...വെള്ളം കുടിക്കാതെ അവൻ പറന്നു പോയി. ഇതെന്തു പറ്റി എന്നു ഞാൻ വിചാരിച്ചിരിക്കുമ്പോൾ ദേ വരുന്നു അവൻ മറ്റൊരു കിളിയുമായി. പുതിയ കിളി വെള്ളം കുടിച്ചിട്ട്, അതേ ആക്ഷൻ... രണ്ടും കൂടെ എന്നോട് നോക്കി എന്തോ ചിലച്ചു... 

എന്തോ പന്തികേട് മണത്ത ഞാൻ ഇച്ചിരി വെള്ളം ടേസ്റ്റ് ചെയ്തു നോക്കി. കിളിയെ പോലെ ഞാനും ഒന്നു മൊത്തത്തിൽ വിറച്ചു പോയി... പഞ്ചാരക്കു പകരം കലക്കിയത് ഉപ്പായിരുന്നു...രണ്ടും കൂടി എന്നോട് ചിലച്ചു കൊണ്ടു പറഞ്ഞത്‌ "കൊല്ലാൻ നോക്കുന്നോടാ പന്നി" എന്നായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു.


വാൽകക്ഷണം: പഞ്ചാര വെള്ളം വെച്ചതിനു ശേഷം കക്ഷി സ്ഥിരം വരവ് തുടർന്നു. വെള്ളം പരീക്ഷിക്കാൻ കൊണ്ട് വന്ന കൂട്ടുകാരനെ ഇപ്പൊ വെള്ളം കുടിക്കാൻ വന്നാൽ അവൻ കൊത്തി ഓടിക്കുന്നുണ്ട്. നമ്മടെ തനി കൊണം തന്നെ.

Share:

Saturday, February 13, 2021

ഫൗണ്ടേഷൻ ക്ലാസ്

 കൊറോണ തുടങ്ങിയതോടെ ക്ലാസ് ഒക്കെ ഓൺലൈനായി ആണല്ലോ. ടീച്ചർമാർ പക്ഷെ സ്കൂളിൽ ചെല്ലണം. അവിടെ ഇരുന്നാണ് ക്ലാസ് നടത്തേണ്ടത്. ചെറിയ പിള്ളേരുടെ ക്ലാസ് ആയതിനാൽ അര മണിക്കൂറേ ഉള്ളൂ. ഇന്ത്യക്കാരനായി എന്റെ മകൻ മാത്രമേ ഉള്ളൂ ക്ലാസ്സിൽ. നമ്മൾ സൈഡിൽ ഇരുന്നു ടീച്ചർ പറയുന്നതും ചെയ്യുന്നതും നോക്കി അവനെ കൊണ്ടു ചെയ്യിക്കണം. ടീച്ചറുടെ ചള പള ഇംഗ്ലീഷ് ചിലപ്പോ മനസിലായില്ലേൽ സൈഡ് വാരം എത്തി നോക്കി ബാക്കി പിള്ളാർ ചെയ്യുന്നത് നോക്കി ഇവനെ കൊണ്ടു ചെയ്യിപ്പിക്കണം. ടീച്ചർക്കിരുന്നു പറഞ്ഞ മതി, പണി നമുക്കാണ്‌.

ഭാര്യ ബിസി ആയ ഒരു ദിവസം എനിക്കായി ഡ്യൂട്ടി. പതിവ് പോലെ സൂം മീറ്റിംഗിൽ ജോയിൻ ചെയ്തു. അവനെ കണ്ണുരുട്ടി പേടിപ്പിച്ചു ഒരു വിധം സീറ്റിൽ പിടിപ്പിച്ചു ഇരുത്തിയിട്ടുണ്ട്. ഞാൻ ക്യാമറ കണ്ണിൽ പെടാതെ സൈഡിൽ പതുങ്ങി ഇരിപ്പാണ്‌. 

ടീച്ചർ ജോയിൻ ചെയ്തു വീഡിയോ ഓണ് ആക്കി. അവർ ഇവനോട്  ഹായ് എന്നു പറഞ്ഞു. ഉടൻ വന്നു തിരിച്ചു ചോദ്യം. Who are you, where is my teacher? ഇവനന്തേ പെട്ടെന്ന് അംനേഷ്യ വന്നോ എന്നു കരുതി വണ്ടർ അടിച്ചിരിക്കുമ്പോൾ ഭാര്യ അവിടെ തല തല്ലി ചിരിക്കുന്നു. ടീച്ചർ പറയുന്നു ഞാൻ നിന്റെ ടീച്ചർ തന്നെ, ഇന്ന് മഞ്ഞു വീഴ്ച്ച ആയതിനാൽ വീട്ടിൽ ഇരുന്നു സൂം മീറ്റിംഗ് നടത്തുന്നതാണെന്നു. അവനു എന്നിട്ടും വിശ്വാസം വന്ന മട്ടില്ല. പിന്നെ അവൻ കൂടുതൽ ചോദ്യം ചെയ്തു ടീച്ചറെ തേജോവധം ചെയ്യാതിരിക്കാൻ ഞാൻ mute ബട്ടൺ അമക്കി.

ക്ലാസ് കഴിഞ്ഞു ഭാര്യ പറഞ്ഞപ്പോൾ ആണ് കാര്യത്തിന്റെ ഗുട്ടൻസ് മനസിലായത്. വീട്ടിൽ ഇരുന്നു ക്ലാസ് നടത്തുന്നൊണ്ട് ടീച്ചർ ഫൗണ്ടേഷൻ (മേക്കപ്പ്) ഒന്നും ഇട്ടില്ല. പാവം കൊച്ചറിഞ്ഞോ മേക്കപ്പിനൊന്നും പരിധി ഇല്ലെന്നു. അവനു അടിമുടി മാറിപ്പോയ ടീച്ചറെ മനസിലായില്ല. പിള്ള മനസിൽ കള്ളം ഇല്ലല്ലോ. എന്തായാലും അവന്റെ ഈ വർഷത്തെ ഗ്രേഡിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...

മേക്കപ്പ് ഇടാത്തവർക്ക് കല്ലെറിയാം :) 

Share:

Thursday, January 7, 2021

ദി ഗ്രേറ്റ് പരിഭാഷി

 ഗൂഗിൾ ആണല്ലോ ഒരു വിധം എല്ലാ ന്യൂജൻ സോഫ്റ്റ്വയർ എഞ്ചിനീർമാരുടെയും കൺകണ്ടദൈവം. പക്ഷെ കോഡു തിരയാൻ മാത്രമല്ല എന്നെ ഗൂഗിൾ സഹായിച്ചിട്ടുള്ളത്. ആ കഥ ആണ് ചുവടെ...

അമേരിക്കയിൽ മക്ഡൊണാൾഡ് ആണ് പാർട്ട് ടൈം ജോലി ആവശ്യത്തിന് ഏറ്റവും നല്ലത്. പല ഷിഫ്റ്റിലും പല ലൊക്കേഷനിലും ആളെ ആവശ്യം ഉള്ളതിനാൽ പഠിക്കാനുള്ള ചിലവുകൾ നടന്നു പോകാനുള്ള ആയാസം കുറഞ്ഞ എളുപ്പത്തിൽ കിട്ടാവുന്ന ജോലി ആണ് അതു. കൂടാതെ നാട്ടിലെ പോലെ ഫ്രഷറിനോട് 15 കൊല്ലം  "experience" ചോദിക്കുകയും ഇല്ല.

അങ്ങനെ ആണ് ടിയാനും അവിടെ എത്തിപ്പെട്ടത്. ഇംഗ്ലീഷ് എല്ലാം മാത്‌സാ(കണക്കാ)യത് കൊണ്ടു ഫ്രഞ്ച് ഫ്രൈ പൊരിക്കുന്ന സെക്ഷനിൽ ആയിരുന്നു ആദ്യത്തെ ഡ്യൂട്ടി. ഒരു അമേരിക്കൻ അമ്മച്ചി ആണ് മാനേജർ. ആദ്യത്തെ ദിവസം തന്നെ എന്റെ മുളക് പൊടി ഇട്ട ഫ്രഞ്ച് ഫ്രൈ എന്ന ആശയം അമ്മച്ചി തള്ളി. നിന്നോട് പറഞ്ഞതു ചെയ്താൽ മതി എന്നു പറഞ്ഞു അമ്മച്ചി എന്നെ വിരട്ടി വിട്ടു.

പിന്നൊരിക്കൽ അമ്മച്ചി എന്നെ ഡ്രൈവ് ത്രൂ കൗണ്ടറിൽ ബിൽ അടിക്കാൻ നിർത്തി. എന്റെ ബിൽ അടി സ്പീഡ് കാരണം മെയിൻ റോഡ് ബ്ലോക്ക് ആയതിനാൽ ഞാൻ തിരികെ ഉരുള കിഴങ്ങിന്റെ ലോകത്തു എത്തി. ഈ "കിഴങ്ങ"നൊക്കെ കിഴങ്ങു പൊരിക്കലെ പറഞ്ഞിട്ടുള്ളൂ എന്നു അമ്മച്ചിക്ക് തോന്നി കാണും. ചുരുക്കം പറഞ്ഞാൽ അമ്മച്ചിയുടെ ബ്ലാക്ക്‌ ലിസ്റ്റിൽ ഞാൻ കയറി പറ്റി.

അങ്ങനെ മൊത്തത്തിൽ കലി ഇളകിയിരുന്ന ഒരു ദിവസം ആണ് അമ്മച്ചി എന്തിനോ ചൊറിയാൻ വന്നത്. അവർ തിരിഞ്ഞപ്പോൾ മനസ്സിൽ "ശെരി തള്ളേ" എന്നു ആത്മഗതം ചെയ്തത് അറിയാതെ ലൗഡ് സ്‌പീക്കർ പിടിച്ചു പുറത്തു വന്നു. അവർ അത് കേൾക്കുകയും ചെയ്തു. അവർക്ക് മലയാളം അറിയാത്തതിനാൽ രക്ഷപെട്ടു എന്നു കരുതി ഞാൻ ഒരു ചിരി പാസ്സ് ആക്കി പണി തുടർന്നു.

വൈകുന്നേരം ഷിഫ്റ്റ് പൂർത്തിയാക്കി പോകാൻ ഒരുങ്ങിയ അമ്മച്ചി എനിക്ക് കുറച്ചു ബർഗർ ഒക്കെ പൊതിഞ്ഞു തന്നു. കൂടാതെ താമസവും മറ്റു സുഖ വിവരങ്ങളും അന്വേഷച്ചു. പിറ്റേ ദിവസം മുതൽ അമ്മച്ചിയുടെ favourite എംപ്ലോയീ ആയി ഞാൻ. പണിയും കുറവ്, ബോണസ് ആയി ബർഗർ പൊതി, അങ്ങനെ എനിക്ക് നല്ല കാലം ആയിരുന്നു.

ഒരിക്കൽ അമ്മച്ചിയുടെ കമ്പ്യൂട്ടറിൽ എന്തോ ശെരിയാക്കാനായി IT വിദഗ്ധൻ(:P എനിക്ക് തന്നെ ചിരി വരുന്നു) ആയ എന്നോട് അമ്മച്ചി അപേക്ഷിച്ചു. അവിചാരിതം ആയാണ് അമ്മച്ചിയുടെ ബ്രൗസർ ഹിസ്റ്ററി ഞാൻ കണ്ടത്. അമ്മച്ചി ഗൂഗിളിൽ സെർച്ച് ചെയ്തിരിക്കുന്നു. "meaning of thalle"!!! മനസ്സു ഒന്നു പിടഞ്ഞു. ഗൂഗിൾ എന്താണോ പരിഭാഷപ്പെടുത്തിയത്.

തിരക്കൊഴിഞ്ഞപ്പോൾ ഞാനും ഒന്നു അർത്ഥം നോക്കി, ഗൂഗിളിൽ. റിസൾട്ട് കണ്ടു എന്റെ ഉള്ളിൽ പോലും കുളിരു കോരി. അമ്മച്ചിയുടെ ഇടംകണ്ണിലൂടെ ഒരു തുള്ളി സന്തോഷകണ്ണീർ പൊടിയുന്നതു ഞാൻ മനസ്സിൽ കണ്ടു. സെർച്ച് റിസൾട്ടു വന്നത്  "mother" , "Mamma" , "mom" എന്നൊക്കെ. ചുമ്മാതല്ല ഇവരെന്നെ സ്നേഹിച്ചു കൊല്ലുന്നത്. 

അവർ അപ്പോൾ കേട്ടത് "ശെരി തള്ളേ" എന്നല്ല "ശെരി മാതാശ്രീ" എന്നാണ്. നന്ദി ഉണ്ട് ഗൂഗിളെ നന്ദി ഉണ്ട്...നീ തന്നെ ആണ് ദി ഗ്രേറ്റസ്റ്റ് പരിഭാഷി...

Share:

Wednesday, November 25, 2020

ഹാപ്പി ബർത്ഡേ

 ഹാപ്പി ബർത്ഡേ  ഡ്യൂഡ്...ഒരു വയസ്സേ ആയുള്ളങ്കിൽ എന്താ നിന്നെ അറിയാത്തവർ ആയി ആരാ ഉള്ളെ ഈ ഭൂമിയിൽ. ദി പേഴ്സൻ ഓഫ് ദി ഇയർ അവാർഡ് നിനക്കാണെന്നാ കേട്ടത്. മാസ്‌ക് വെച്ചാൽ തന്നെ പകുതി അസുഖം വരില്ല എന്നു ലോകത്തെ പഠപ്പിച്ചതിനു, മുൻപത്തെ പകുതി ചിലവും പാഴ് ചിലവുകൾ ആയിരുന്നു എന്ന് പഠപ്പിച്ചതിനു, വീട്ടിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം മാറ്റി വെക്കണം എന്നു പഠപ്പിച്ചതിനു. ദൈവം മനുഷ്യർക്കിടയിൽ ആണെന്ന് കാട്ടി തന്നതിന്.

എന്നാലും ഇനി മതി കേട്ടോ. ഞങ്ങൾ പാഠങ്ങൾ ഒക്കെ മനസ്സിരുത്തി പഠിച്ചിട്ടുണ്ട്. ,വെളുപ്പിന് 5 മണിക്ക് ഒരു ബസ് ഉണ്ട് ചൊവ്വയിലേക്ക്, അതിനു വെച്ചു പിടിച്ചോ. അവിടെ കുറെ "പച്ച" മനുഷ്യർക്കു ഇതൊന്നും അറിയില്ലത്രേ. അപ്പൊ പോകുവല്ലേ byee byee


Share:

Friday, September 11, 2020

സ്വർഗ്ഗത്തിൽ നിന്നുള്ള തൊട്ടി

എൻ്റെ കിണറ്റിൽ ഞങ്ങൾ തവളകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
പിന്നെ കൂടെ കൂടെ സ്വർഗ്ഗത്തിൽ നിന്ന് വരുന്ന തൊട്ടിയും

ഒരിക്കൽ ഒരു പാമ്പു ഞങ്ങടെ കിണറ്റിൽ വന്നു
അവൻ എൻ്റെ കൂട്ടുകാരെ ഓരോന്നായി ശാപ്പിട്ടു

വയറു നിറഞ്ഞെപ്പോൾ അവൻ മയങ്ങാൻ പോയി
ഞങ്ങൾ കിണറ്റിൻ കരയിലെ ദൈവത്തോട് പ്രാർത്ഥിച്ചു

ദൈവം പക്ഷെ പാമ്പിനെ തിരികെ വിളിച്ചില്ല
പകരം തൊട്ടി വന്നു കൊണ്ടേ ഇരുന്നു...

പാമ്പു തൻ്റെ ഭക്ഷണക്രമം തുടർന്ന് കൊണ്ടേ ഇരുന്നു
ഞങ്ങൾ പ്രാർത്ഥന പൂർവാധികം ശക്തിയോടെ തുടർന്ന് കൊണ്ടേ ഇരുന്നു

ഒരിക്കൽ ഞാൻ ദൈവത്തെ കാണാൻ തൊട്ടിയിൽ കയറി ഇരുന്നു.
കിണറ്റിൻ മുകളിൽ എത്തിയ എന്നെ ദൈവം കാലു കൊണ്ട് തട്ടി കളഞ്ഞു

കിണറ്റിൽ എൻ്റെ കൂട്ടുകാർ ദൈവത്തോട് പ്രാർത്ഥന തുടർന്ന് കൊണ്ടേ ഇരുന്നു.
ദൈവം തൊട്ടി കിണറ്റിൽ ഇട്ടു കൊണ്ടേ ഇരുന്നു.

Share: