കൊറോണ തുടങ്ങിയതോടെ ക്ലാസ് ഒക്കെ ഓൺലൈനായി ആണല്ലോ. ടീച്ചർമാർ പക്ഷെ സ്കൂളിൽ ചെല്ലണം. അവിടെ ഇരുന്നാണ് ക്ലാസ് നടത്തേണ്ടത്. ചെറിയ പിള്ളേരുടെ ക്ലാസ് ആയതിനാൽ അര മണിക്കൂറേ ഉള്ളൂ. ഇന്ത്യക്കാരനായി എന്റെ മകൻ മാത്രമേ ഉള്ളൂ ക്ലാസ്സിൽ. നമ്മൾ സൈഡിൽ ഇരുന്നു ടീച്ചർ പറയുന്നതും ചെയ്യുന്നതും നോക്കി അവനെ കൊണ്ടു ചെയ്യിക്കണം. ടീച്ചറുടെ ചള പള ഇംഗ്ലീഷ് ചിലപ്പോ മനസിലായില്ലേൽ സൈഡ് വാരം എത്തി നോക്കി ബാക്കി പിള്ളാർ ചെയ്യുന്നത് നോക്കി ഇവനെ കൊണ്ടു ചെയ്യിപ്പിക്കണം. ടീച്ചർക്കിരുന്നു പറഞ്ഞ മതി, പണി നമുക്കാണ്.
ഭാര്യ ബിസി ആയ ഒരു ദിവസം എനിക്കായി ഡ്യൂട്ടി. പതിവ് പോലെ സൂം മീറ്റിംഗിൽ ജോയിൻ ചെയ്തു. അവനെ കണ്ണുരുട്ടി പേടിപ്പിച്ചു ഒരു വിധം സീറ്റിൽ പിടിപ്പിച്ചു ഇരുത്തിയിട്ടുണ്ട്. ഞാൻ ക്യാമറ കണ്ണിൽ പെടാതെ സൈഡിൽ പതുങ്ങി ഇരിപ്പാണ്.
ടീച്ചർ ജോയിൻ ചെയ്തു വീഡിയോ ഓണ് ആക്കി. അവർ ഇവനോട് ഹായ് എന്നു പറഞ്ഞു. ഉടൻ വന്നു തിരിച്ചു ചോദ്യം. Who are you, where is my teacher? ഇവനന്തേ പെട്ടെന്ന് അംനേഷ്യ വന്നോ എന്നു കരുതി വണ്ടർ അടിച്ചിരിക്കുമ്പോൾ ഭാര്യ അവിടെ തല തല്ലി ചിരിക്കുന്നു. ടീച്ചർ പറയുന്നു ഞാൻ നിന്റെ ടീച്ചർ തന്നെ, ഇന്ന് മഞ്ഞു വീഴ്ച്ച ആയതിനാൽ വീട്ടിൽ ഇരുന്നു സൂം മീറ്റിംഗ് നടത്തുന്നതാണെന്നു. അവനു എന്നിട്ടും വിശ്വാസം വന്ന മട്ടില്ല. പിന്നെ അവൻ കൂടുതൽ ചോദ്യം ചെയ്തു ടീച്ചറെ തേജോവധം ചെയ്യാതിരിക്കാൻ ഞാൻ mute ബട്ടൺ അമക്കി.
ക്ലാസ് കഴിഞ്ഞു ഭാര്യ പറഞ്ഞപ്പോൾ ആണ് കാര്യത്തിന്റെ ഗുട്ടൻസ് മനസിലായത്. വീട്ടിൽ ഇരുന്നു ക്ലാസ് നടത്തുന്നൊണ്ട് ടീച്ചർ ഫൗണ്ടേഷൻ (മേക്കപ്പ്) ഒന്നും ഇട്ടില്ല. പാവം കൊച്ചറിഞ്ഞോ മേക്കപ്പിനൊന്നും പരിധി ഇല്ലെന്നു. അവനു അടിമുടി മാറിപ്പോയ ടീച്ചറെ മനസിലായില്ല. പിള്ള മനസിൽ കള്ളം ഇല്ലല്ലോ. എന്തായാലും അവന്റെ ഈ വർഷത്തെ ഗ്രേഡിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...
മേക്കപ്പ് ഇടാത്തവർക്ക് കല്ലെറിയാം :)
2 comments:
മേക്കപ്പ് ഇടാത്തവർക്ക് കല്ലെറിയാം :)
👌🏻
Post a Comment