Saturday, June 24, 2017

സഹാനുഭാവൻ

കോളേജ് കാലഘട്ടത്തിൽ ഒന്നാം വർഷം കഴിയുമ്പോൾ ഹോസ്റ്റലിൽ നിന്നു ഒരു സ്വാതന്ത്ര്യം ആരും ആശിക്കും...വീട്ടിൽ നിന്നും ദൂരെ ആയതിനാൽ ആ സ്വാതന്ത്ര്യത്തിന് മധുരം കൂടുതലായിരിക്കും...ഞങ്ങളും അങ്ങനെ ഹോസ്റ്റലിൽ നിന്നു ഇറങ്ങാൻ തീരുമാനിച്ചു...ഓണർ നാട്ടിൽ ഇല്ലാത്ത ഒരു പഴയ തറവാട്ടു വീടായി പിന്നെയുള്ള 3 വർഷത്തെ സങ്കേതം...പെയിന്റ് അടിച്ചു ഒന്നാന്തരം ആക്കി തന്ന വീട് ഒരു മാസം കഴിഞ്ഞു വാടക പിരിക്കാൻ വന്ന ഓണർ കണ്ടു ഞെട്ടി...ചുവരു മൊത്തം ക്രിക്കറ്റ് കളിയുടെ നഖക്ഷതങ്ങൾ...ആള് ഒരു പാവം ആയതിനാൽ ഇറക്കി വിട്ടില്ല...

സാധാരണ ഞങ്ങൾ ഡോർ ഒക്കെ മലക്കെ തുറന്നിട്ടാണ് ഉറക്കം... കള്ളൻ കേറുമെന്ന പേടി വേണ്ട...വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല...ഒരിക്കൽ ഒരു കള്ളൻ നല്ല ഗമണ്ഡൻ ഇരുമ്പു കമ്പി വളച്ചു കഷ്ടപ്പെട്ട് വീട്ടിൽ കയറി. ഡോർ ഒരു തട്ടു തട്ടിയാൽ തുറക്കാവുന്നതെ ഉള്ളൂ എന്നു പാവം ഉണ്ടോ അറിയുന്നു...ക്ഷീണം മാറ്റാൻ ഫാൻ ഇട്ട കള്ളൻ ഷോക്ക് അടിച്ചു അര മണിക്കൂർ ബോധം കെട്ടു കിടന്നു കാണും, സ്വിച്ച് എല്ലാം ജാംബവന്റെ കാലത്തെ ആണേ... വീട് മൊത്തം പരിശോധിച്ചിട്ടും കിട്ടിയതു നാലു സയന്റിഫിക് കാൽക്കുലേറ്റർ... അതിൽ എന്റേതു നിലത്തു എറിഞ്ഞിട്ടു ബാക്കി പുള്ളി കൊണ്ടു പോയി...നല്ല കാൽക്കുലേറ്റർ കണ്ടാ അയാൾക്ക് മനസ്സിലാവില്ലേ എന്തോ....

പറഞ്ഞു വന്നത്....നാട്ടിൽ നിന്നും കോളേജിൽ എത്തിയാൽ വീട്ടിലേക്ക് വിളിച്ചു പറയുന്ന ഒരു ശീലമുണ്ട്...ഒരിക്കൽ പുതിയ വീട്ടിലെ ഫോൺ കേടായി, അതിനാൽ വീട്ടിലേക്കു വിളിച്ചു പറയാൻ പറ്റിയില്ല...ഇന്നത്തെ പോലെ മൊബൈൽ ഒന്നും അന്നില്ല....2 ദിവസം കഴിഞ്ഞൊരു പകൽ, എല്ലാരും നല്ല ഉറക്കമാണ്...തലേന്ന് രാത്രിയിലെ പാർട്ടിയുടെ ശേഷിപ്പുകൾ അവിടവിടെ ഉണ്ട്...പതിവ് പോലെ ഡോർ തുറന്നു കിടപ്പാണ്...ബെഡ്റൂം ഡോറിൽ ആരോ മുട്ടുന്നു...കണ്ണു തുറന്നു നോക്കിയപ്പോ അതാ അച്ഛൻ മുന്നിൽ...എന്റെ ഫോൺ വരാഞ്ഞതിനാൽ നാട്ടിൽ നിന്ന് അന്വേഷിചുള്ള വരവാണ്....ആകെ അംഗലാപ്പിലായി എല്ലാരും...സർപ്രൈസ് വിസിറ് ആയതിനാൽ അഡ്ജസ്റ്മെന്റ്‌സ് ഒന്നും നടത്താൻ പറ്റിയില്ല...മുറിയുടെ ഒരു മൂലക്കു ബിയർ കുപ്പികൾ കൊണ്ടു ആരോ കുത്തബ് മിനാർ പണിതിരിക്കുന്നു...അച്ഛന് കാര്യം മനസ്സിലായി...ഇതു കണ്ട കൂട്ടുകാരൻ ചാടി പറഞ്ഞു "അങ്കിൾ, കഴിഞ്ഞ ദിവസം ഒരു ആക്രി ചേട്ടൻ ഇതിലെ സൈക്കിളിൽ വന്നു. ഇവിടെ വെച്ചു പുള്ളിയുടെ ചാക്ക് പൊട്ടി ആക്രി കുപ്പികൾ ഒക്കെ നിലത്തു വീണു പോയി. അടുത്ത ആഴ്ച വരുന്നത് വരെ ഇതിവിടിരിക്കട്ടെ എന്നു അങ്കിളിന്റെ മോനാ പറഞ്ഞേ, അല്ലേലും ഇവന് പാവങ്ങടെ ഒന്നും സങ്കടം കാണാൻ പറ്റൂലാ, വളർത്തു ഗുണം ആണേ".

അന്ന് എല്ലാർക്കും അച്ഛന്റെ വക പറോട്ടയും ബീഫ് ഫ്രൈയും ആയിരുന്നു പ്രാതൽ...

വാൽകക്ഷണം: അച്ഛൻ അന്നതെല്ലാം വിശ്വസിച്ചു എന്നു ഞങ്ങൾ വെറുതെ വിശ്വസിച്ചു...നാട്ടിൽ ചെന്നപ്പോ എന്റെ സഹാനുഭൂതിക്കുള്ള പട്ടും വളയും അച്ഛൻ കരുതിയിരുന്നു...
Share:

1 comments:

ArunG ~ അരുൺജി said...

നാട്ടിൽ ചെന്നപ്പോ എന്റെ സഹാനുഭൂതിക്കുള്ള പട്ടും വളയും അച്ഛൻ കരുതിയിരുന്നു...