Saturday, June 10, 2017

ആ കൂർക്കം വലി ഞാനായിരുന്നു...

ആദിയിൽ കൂർക്കം വലി ഉണ്ടായി. ആ കൂർക്കം വലി എന്നോട് കൂടെ ആയിരുന്നു. ആ കൂർക്കം വലി ഞാനായിരുന്നു...

എന്റെ കൂർക്കം വലി കാരണം ഉറക്കം നഷ്ടപ്പെട്ടു എന്നു ഭാര്യേം കുഞ്ഞും പല വട്ടം പരാതി പറഞ്ഞേപ്പോഴൊന്നും അത് ഞാൻ കാര്യമായി എടുത്തില്ല...പക്ഷെ ഒരിക്കൽ എന്റെ കൂർക്കം വലി കേട്ടു ഞാൻ തന്നെ ഞെട്ടി എണീറ്റപ്പോൾ ആണ് എനിക്കതിന്റെ ഭീകരത മനസിലായത്... പിന്നെ ഒന്നും നോക്കിയില്ല നേരെ ഗൂഗിളിൽ പരതി...ഗൂഗിൾ ഭഗവാൻ പറഞ്ഞു "വത്സ, നീ ചരിഞ്ഞു കിടന്നു തലയിണയിൽ നിന്റെ ദന്തങ്ങൾ അമർത്തി കിടന്നുറങ്ങൂ"എന്ന്‌...കുറ്റം പറയരുതല്ലോ, ഒരു പരിധി വരെ അതു ഗുണം ചെയ്തു...ഞാൻ പറയാൻ വന്നെതു എന്റെ ഉറക്കം, ഒരു കൂർക്കം വലി വഴി നഷ്ട്ടപ്പെട്ട കഥയാണ്..

ജോലി സംബന്ധം ആയി ഇടക്ക് ഒന്നു UK യിൽ പോകേണ്ടി വന്നു...ഷോർട്ട് ട്രിപ്പ് ആയെതിനാൽ താമസ ചിലവൊക്കെ അപ്ന കീശ സെ ആണ്. ഒരു ഹോട്ടൽ മുറി നേരത്തെ ബുക് ചെയ്തിരുന്നു..ഹോട്ടലിൽ എത്തിയപ്പോൾ നേരം സന്ധ്യ ആയി. പുറത്തു നല്ല മരം കോച്ചുന്ന തണുപ്പ്...കുളിച്ചു ഫ്രഷ്‌ ആകാം എന്നു വിചാരിച്ചപ്പോൾ ദാ വരുന്നു ഒരു കാൾ... ഞാൻ എത്തിയത് ടോണി ബ്ലൈർ ഇത്ര പെട്ടെന്ന് മണത്തു അറിഞ്ഞോ...കാൾ ഐർപോർട്ടിൽ നിന്നാണ്‌, എന്റെ പ്രോജെക്ടിൽ തന്നെ വന്ന ഒരു അപ്പാവി ആണ്...ഹോട്ടല് ഒന്നും ബുക് ചെയ്യാതെ ഹൈദരാബാദിൽ നിന്നു ഉരുവിൽ കേറി വന്നേക്കുവാണ് ആശാൻ...HRഇന്റെ കയ്യിൽ നിന്ന് എന്റെ നമ്പർ കിട്ടി വിളിക്കുന്നത് ആണ്....ഞാൻ എന്റെ ഹോട്ടല് അഡ്രസ് പറഞ്ഞു കൊടുത്തു...ഹോട്ടലിൽ എത്തിയെപ്പോൾ അവിടെ റൂം ഒന്നും ബാക്കിയില്ല...ഞാൻ ഗൂഗിളിൽ പരതി അടുത്തുള്ള ഹോട്ടല് അഡ്രസ്‌ ഒക്കെ പറഞ്ഞു കൊടുത്തെങ്കിലും ടിയാൻ വിടുന്ന ഭാവമില്ല..എന്റെ മുറിയിൽ ഏതെങ്കിലും മൂലയിൽ ഒതുങ്ങി കൂടിക്കൊള്ളാം അത്രേ... അവസാനം ഞാൻ എന്റെ തുറുപ്പു ചീട്ടിറക്കി നോക്കി."ഞാൻ ഭയങ്കര കൂർക്കം വലി ആണേ"..പുള്ളി അതു കേട്ട് പറഞ്ഞു, അതൊന്നും പുള്ളിക്ക് പ്രശ്‌നമല്ല എന്നു...അവസാനം ചെവിക്കു കുണുക്കു കേറി എന്നുറപ്പിച്ചു ഞാൻ പുള്ളിയെ റൂമിലേക്ക്‌ കൊണ്ടു പോയി...റൂമിൽ ഒരു കിഡ്സ് ബെഡ്(ഫ്രീ ആണ് റൂമിന്റെ കൂടെ) എസ്ട്രാ  മേടിച്ചിട്ടിട്ടു കഴിക്കാൻ ഞാൻ പുറത്തു പോയി..നവാഗതന് വിശപ്പില്ല.. ലണ്ടൻ ബീച്ചിലേക്ക് നീന്തി കേറിയെപ്പോൾ നിറയെ കടൽ വെള്ളം കുടിച്ചു കാണും....

നിർത്തി പൊരിച്ച കോഴിയെ മൊത്തമായി വിഴുങ്ങി ഞാൻ റൂമിലേക്ക്‌ തിരിച്ചെത്തി.... അവിടെ കണ്ട കാഴ്ച്ച: കുളിച്ചു കുട്ടപ്പനായി ടിയാൻ മാസ്റ്റർ ബെഡിൽ കേറി കിടന്നുറങ്ങുന്നു... ആകെ കൂടെ ഉള്ള ഒരു ബാത് ടൗവെൽ അവിടെ കിഡ്സ് ബെഡിൽ ഉണക്കാനിട്ടിരിക്കുന്നു...ഇംഗ്ലീഷിൽ തെറി പറയുനുള്ള ഭാഷ ജ്ഞാനം ഇല്ലാത്തതിനാൽ, ഇതൊരു വയ്യാവേലി ആയെല്ലോ എന്നു ചിന്തിച്ചു, ടൗവെൽ മാറ്റി 6 അടി പൊക്കകാരനായ ഞാൻ കിഡ്സ് ബെഡിൽ  ചുരുണ്ടു കൂടി...."പിക്ചർ അഭി ഭീ ബാക്കി ഹെ ഭായി" എന്ന സിനിമ ഡയലോഗ് ഓർമിപ്പിച്ചു കൊണ്ടു അതാ രാത്രിയുടെ കൂരിരുട്ടിനെ ഭേദച്ചു കൊണ്ട്‌ ആ ഭീകര ശബ്ദം....ഖുർ.... ഖുർ....

എങ്ങനെ അവൻ കൂർക്കം വലിക്കാതിരിക്കും, നല്ല പള് പളുത്ത മെത്തയിൽ ഓസിന് കിടന്നുറങ്ങിയാൽ ആരായാലും കൂർക്കം വലിച്ച് പോകും...വിളിച്ചുണര്ത്തിയിട്ടു ചരിഞ്ഞു കിടന്നു തലയിണ കടിച്ചു പിടിച്ചു കിടന്നുറങ്ങടെ എന്നു പറയണം എന്നുണ്ട്, പക്ഷെ അതിനുള്ള ഇംഗ്ലീഷ് ആലോചിച്ചെടുക്കണേ നേരം വെളുക്കും...സഹി "കേ"ട്ടപ്പോള് ടീപോയിൽ ഇരുന്ന ജഗ് നിലത്തിട്ടു ഒച്ച ഉണ്ടാക്കി....എവിടുന്ന്....2 മിനുറ്റ് കഴിഞ്ഞേപ്പോ വീണ്ടും തഥൈവ....അവസാനം തല വെച്ചിരുന്ന തലയണ എടുത്തു ഞാൻ അവന്റെ നേർക്കു ഒരേറ് വെച്ചു കൊടുത്തു....പഹയൻ ആ തലയണെയും കെട്ടി പിടിച്ചു ആയി പിന്നെയുള്ള ഉറക്കം....ഉറക്കത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെതിനാൽ പിന്നെ കണ്ണു മിഴിച്ചിരുന്നു ഫേസ്ബുക്കിലെ ലഹളകൾ വായിച്ചു ഞാൻ നേരം വെളുപ്പിച്ചു....രാവിലെ എണീറ്റുഡനെ പഹയൻ ചോദിച്ചു "ഡിഡ് യൂ ഹാഡ്‌ എ ഗുഡ് സ്ലീപ്" ഞാൻ പറഞ്ഞു, പിന്നെ അടുത്തൊന്നും ഇതു പോലെ ഭീകരമായി ഉറങ്ങിയിട്ടില്ലെന്നു.....

ലണ്ടനിൽ നിന്നു തിരിച്ചു നാട്ടിലേക്ക് ഫ്ലൈറ് കയറുന്നതിനു മുൻപേ നല്ല ബ്രിട്ടീഷ് മെയ്ഡ് ട്രോഫി രണ്ടെണ്ണം വാങ്ങി ഞാൻ പെട്ടിയിൽ സൂക്ഷിച്ചു.....
Share:

1 comments:

ArunG ~ അരുൺജി said...

ആദിയിൽ കൂർക്കം വലി ഉണ്ടായി. ആ കൂർക്കം വലി എന്നോട് കൂടെ ആയിരുന്നു. ആ കൂർക്കം വലി ഞാനായിരുന്നു...