ചൂടുകാലത്ത് കുറച്ചു പഞ്ചാര വെള്ളം കലക്കി ബാൽക്കണയിൽ വെച്ചാൽ ഹമ്മിങ് ബേർഡുകൾ അതു കുടിക്കാൻ വരും. പൂക്കളിൽ നിന്നുള്ള തേൻ കുടിച്ചു ജീവിക്കുന്ന ഇവയ്ക്കു ഈ പഞ്ചാര വെള്ളം പെരുത്തു ഇഷ്ടമാണ്. പണിയെടുക്കാതെ തിന്നാൻ മനുഷ്യമാർക്കു മാത്രമല്ല കൊതി.നീണ്ട കൊക്കുമായി പറന്നു നിന്നാണ് ആശന്മാർ കുടിക്കുന്നത്. സെക്കൻഡിൽ പത്തു വട്ടം ചിറകടിക്കുന്ന ഇവയുടെ പടം ഷട്ടർ സ്പീഡ് കൂട്ടി ഫോട്ടോ എടുക്കുക എന്നതാണ് എന്റെ ദുരുദ്ദേശം.
ആദ്യം ഒന്നു മടിച്ചു നിന്നെങ്കിലും വെള്ളത്തിന്റെ രുചി പിടിച്ചപ്പോൾ ആശാൻ സ്ഥിരം ബാൽക്കണിയിലെ അതിഥി ആയി. അങ്ങനെ ഇരിക്കെ ഞങ്ങൾ ഒരു ടൂർ പോയി. ഫുൾ പഞ്ചാര വെളളം കലക്കി വെച്ചിട്ടാണ് പോയത്. തിരിച്ചു വന്നപ്പോൾ എല്ലാം കാലി. ഞങ്ങളെ കണ്ടതും ആശാൻ ചിറകടിച്ചു വന്നു, "താമസിച്ചാൽ ഒന്നു വിളിച്ചു പറഞ്ഞൂടെ ശവിയേ" എന്ന ഭാവത്തിൽ. യാത്രക്ക് കരുതി വെച്ചിരുന്ന ടപ്പയിൽ നിന്നു ഞാൻ പഞ്ചാര എടുത്തു വെളളം കലക്കി വെച്ചു. രണ്ടു ദിവസം പണിയെടുത്തു ക്ഷീണിച്ചു ഭക്ഷണം കഴിച്ചതിന്റെ ക്ഷീണം അകറ്റാൻ അവൻ പറന്നു വന്നു..പനി പിടിച്ചു കഞ്ഞി കുടിച്ചു കിടന്നിട്ടു, പനി മാറി പറോട്ടയും ബീഫ് ഫ്രൈയും കണ്ടാൽ എന്തായിരിക്കും അവസ്ഥ. ആ, അതേ ഫീലിംഗ്..
നീണ്ട ചുണ്ടുമായി പറന്നു നിന്നു അവൻ ആക്രാന്തത്തിൽ ഒരു കവിൾ വെളളം കുടിച്ചതെ ഉള്ളൂ. നിന്ന നിൽപ്പിൽ മൊത്തത്തിൽ ഒരു വിറയൽ. ആദ്യമായി ആണ് ഒരു പക്ഷി വിറയ്ക്കുന്നത് ഞാൻ കാണുന്നത്...വെള്ളം കുടിക്കാതെ അവൻ പറന്നു പോയി. ഇതെന്തു പറ്റി എന്നു ഞാൻ വിചാരിച്ചിരിക്കുമ്പോൾ ദേ വരുന്നു അവൻ മറ്റൊരു കിളിയുമായി. പുതിയ കിളി വെള്ളം കുടിച്ചിട്ട്, അതേ ആക്ഷൻ... രണ്ടും കൂടെ എന്നോട് നോക്കി എന്തോ ചിലച്ചു...
എന്തോ പന്തികേട് മണത്ത ഞാൻ ഇച്ചിരി വെള്ളം ടേസ്റ്റ് ചെയ്തു നോക്കി. കിളിയെ പോലെ ഞാനും ഒന്നു മൊത്തത്തിൽ വിറച്ചു പോയി... പഞ്ചാരക്കു പകരം കലക്കിയത് ഉപ്പായിരുന്നു...രണ്ടും കൂടി എന്നോട് ചിലച്ചു കൊണ്ടു പറഞ്ഞത് "കൊല്ലാൻ നോക്കുന്നോടാ പന്നി" എന്നായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു.
വാൽകക്ഷണം: പഞ്ചാര വെള്ളം വെച്ചതിനു ശേഷം കക്ഷി സ്ഥിരം വരവ് തുടർന്നു. വെള്ളം പരീക്ഷിക്കാൻ കൊണ്ട് വന്ന കൂട്ടുകാരനെ ഇപ്പൊ വെള്ളം കുടിക്കാൻ വന്നാൽ അവൻ കൊത്തി ഓടിക്കുന്നുണ്ട്. നമ്മടെ തനി കൊണം തന്നെ.
1 comments:
How to kill a hummingbird
Post a Comment