ഗൂഗിൾ ആണല്ലോ ഒരു വിധം എല്ലാ ന്യൂജൻ സോഫ്റ്റ്വയർ എഞ്ചിനീർമാരുടെയും കൺകണ്ടദൈവം. പക്ഷെ കോഡു തിരയാൻ മാത്രമല്ല എന്നെ ഗൂഗിൾ സഹായിച്ചിട്ടുള്ളത്. ആ കഥ ആണ് ചുവടെ...
അമേരിക്കയിൽ മക്ഡൊണാൾഡ് ആണ് പാർട്ട് ടൈം ജോലി ആവശ്യത്തിന് ഏറ്റവും നല്ലത്. പല ഷിഫ്റ്റിലും പല ലൊക്കേഷനിലും ആളെ ആവശ്യം ഉള്ളതിനാൽ പഠിക്കാനുള്ള ചിലവുകൾ നടന്നു പോകാനുള്ള ആയാസം കുറഞ്ഞ എളുപ്പത്തിൽ കിട്ടാവുന്ന ജോലി ആണ് അതു. കൂടാതെ നാട്ടിലെ പോലെ ഫ്രഷറിനോട് 15 കൊല്ലം "experience" ചോദിക്കുകയും ഇല്ല.
അങ്ങനെ ആണ് ടിയാനും അവിടെ എത്തിപ്പെട്ടത്. ഇംഗ്ലീഷ് എല്ലാം മാത്‌സാ(കണക്കാ)യത് കൊണ്ടു ഫ്രഞ്ച് ഫ്രൈ പൊരിക്കുന്ന സെക്ഷനിൽ ആയിരുന്നു ആദ്യത്തെ ഡ്യൂട്ടി. ഒരു അമേരിക്കൻ അമ്മച്ചി ആണ് മാനേജർ. ആദ്യത്തെ ദിവസം തന്നെ എന്റെ മുളക് പൊടി ഇട്ട ഫ്രഞ്ച് ഫ്രൈ എന്ന ആശയം അമ്മച്ചി തള്ളി. നിന്നോട് പറഞ്ഞതു ചെയ്താൽ മതി എന്നു പറഞ്ഞു അമ്മച്ചി എന്നെ വിരട്ടി വിട്ടു.
പിന്നൊരിക്കൽ അമ്മച്ചി എന്നെ ഡ്രൈവ് ത്രൂ കൗണ്ടറിൽ ബിൽ അടിക്കാൻ നിർത്തി. എന്റെ ബിൽ അടി സ്പീഡ് കാരണം മെയിൻ റോഡ് ബ്ലോക്ക് ആയതിനാൽ ഞാൻ തിരികെ ഉരുള കിഴങ്ങിന്റെ ലോകത്തു എത്തി. ഈ "കിഴങ്ങ"നൊക്കെ കിഴങ്ങു പൊരിക്കലെ പറഞ്ഞിട്ടുള്ളൂ എന്നു അമ്മച്ചിക്ക് തോന്നി കാണും. ചുരുക്കം പറഞ്ഞാൽ അമ്മച്ചിയുടെ ബ്ലാക്ക് ലിസ്റ്റിൽ ഞാൻ കയറി പറ്റി.
അങ്ങനെ മൊത്തത്തിൽ കലി ഇളകിയിരുന്ന ഒരു ദിവസം ആണ് അമ്മച്ചി എന്തിനോ ചൊറിയാൻ വന്നത്. അവർ തിരിഞ്ഞപ്പോൾ മനസ്സിൽ "ശെരി തള്ളേ" എന്നു ആത്മഗതം ചെയ്തത് അറിയാതെ ലൗഡ് സ്‌പീക്കർ പിടിച്ചു പുറത്തു വന്നു. അവർ അത് കേൾക്കുകയും ചെയ്തു. അവർക്ക് മലയാളം അറിയാത്തതിനാൽ രക്ഷപെട്ടു എന്നു കരുതി ഞാൻ ഒരു ചിരി പാസ്സ് ആക്കി പണി തുടർന്നു.
വൈകുന്നേരം ഷിഫ്റ്റ് പൂർത്തിയാക്കി പോകാൻ ഒരുങ്ങിയ അമ്മച്ചി എനിക്ക് കുറച്ചു ബർഗർ ഒക്കെ പൊതിഞ്ഞു തന്നു. കൂടാതെ താമസവും മറ്റു സുഖ വിവരങ്ങളും അന്വേഷച്ചു. പിറ്റേ ദിവസം മുതൽ അമ്മച്ചിയുടെ favourite എംപ്ലോയീ ആയി ഞാൻ. പണിയും കുറവ്, ബോണസ് ആയി ബർഗർ പൊതി, അങ്ങനെ എനിക്ക് നല്ല കാലം ആയിരുന്നു.
ഒരിക്കൽ അമ്മച്ചിയുടെ കമ്പ്യൂട്ടറിൽ എന്തോ ശെരിയാക്കാനായി IT വിദഗ്ധൻ(:P എനിക്ക് തന്നെ ചിരി വരുന്നു) ആയ എന്നോട് അമ്മച്ചി അപേക്ഷിച്ചു. അവിചാരിതം ആയാണ് അമ്മച്ചിയുടെ ബ്രൗസർ ഹിസ്റ്ററി ഞാൻ കണ്ടത്. അമ്മച്ചി ഗൂഗിളിൽ സെർച്ച് ചെയ്തിരിക്കുന്നു. "meaning of thalle"!!! മനസ്സു ഒന്നു പിടഞ്ഞു. ഗൂഗിൾ എന്താണോ പരിഭാഷപ്പെടുത്തിയത്.
തിരക്കൊഴിഞ്ഞപ്പോൾ ഞാനും ഒന്നു അർത്ഥം നോക്കി, ഗൂഗിളിൽ. റിസൾട്ട് കണ്ടു എന്റെ ഉള്ളിൽ പോലും കുളിരു കോരി. അമ്മച്ചിയുടെ ഇടംകണ്ണിലൂടെ ഒരു തുള്ളി സന്തോഷകണ്ണീർ പൊടിയുന്നതു ഞാൻ മനസ്സിൽ കണ്ടു. സെർച്ച് റിസൾട്ടു വന്നത് "mother" , "Mamma" , "mom" എന്നൊക്കെ. ചുമ്മാതല്ല ഇവരെന്നെ സ്നേഹിച്ചു കൊല്ലുന്നത്.
അവർ അപ്പോൾ കേട്ടത് "ശെരി തള്ളേ" എന്നല്ല "ശെരി മാതാശ്രീ" എന്നാണ്. നന്ദി ഉണ്ട് ഗൂഗിളെ നന്ദി ഉണ്ട്...നീ തന്നെ ആണ് ദി ഗ്രേറ്റസ്റ്റ് പരിഭാഷി...
1 comments:
നീ തന്നെ ആണ് ദി ഗ്രേറ്റസ്റ്റ് പരിഭാഷി...
Post a Comment