ഈ കൊറോണ കാലത്ത് പുറത്തിറങ്ങാൻ നിവർത്തിയില്ലാതെ ഭാര്യയുടെ 'കത്തിക്ക്' അല്ല കത്രികക്കു മുന്നിൽ തല വെച്ചു കൊടുക്കുമ്പോഴാണ് പഴയ ഒരു മുടിവെട്ട് കഥ ഓർമ വന്നത്.
ആദ്യമായി അമേരിക്കക്കു വന്ന സമയം. പണ്ടത്തെ പോസ്റ്റുകളിൽ പറഞ്ഞ പോലെ ഇംഗ്ലീഷ് പരിജ്ഞാനം ലേശം കുറവാണ്. മുടി വെട്ടാൻ ഞാനും എന്നെ പോലെ ആയിടക്കു വന്ന റൂമിയും ഒരു ബാർബർ ഷോപ്പിൽ കയറി. ദീർഘകാലമായി അമേരിക്കയിൽ ഉള്ള റൂമി ഞങ്ങളെ കൊണ്ടു വിടാൻ സന്നന്ദൻ ആയി കൂടെ പോന്നു. ചെന്ന പാടേ ഒരു കണഫ്യൂഷൻ. നാട്ടിലെ ബ്യൂട്ടി പാർലറിൽ കയറിയ ഒരു ഫീൽ. മാത്രമല്ല മുടി വെട്ടാൻ മദാമ്മമാർ മാത്രമേ ഉള്ളൂ. എന്തു വേണം എന്നായി അവർ. ചായയും പഫ്സും കിട്ടില്ലല്ലോ ബാർബർ ഷോപ്പിൽ എന്ന ഭാവത്തിൽ ഞങ്ങൾ ക്ഷൗരം ചെയ്യണം എന്നറിയിച്ചു.
ഇരുന്ന പാടെ മദാമ്മ ചോദിച്ചു "how do you want it?" ലേശം വെട്ടിയാൽ മതിയെന്നു ഈ മറുതയോട് എങ്ങനെ പറയും എന്നാലോചിച്ചു എന്തൊക്കെയോ കൈയും വായും കൊണ്ടു ഗോഷ്ടി കാണിച്ചു. അപ്പുറത്തെ കസേരയിൽ റൂമിയുടെ അവസ്ഥയും അതു തന്നെ. എന്നാൽ ഞങ്ങളെ വിടാൻ വേണ്ടി വന്ന റൂമി അവിടെ നിന്നു ഇളിക്കുന്നത് ഞങ്ങൾക്ക് കാണാം ആയിരുന്നു. ചുമ്മാതല്ല ഞായറാഴ്ച ആയിട്ടു കുത്തിയിരുന്നു netflix കാണാതെ ഞങ്ങടെ കൂടെ വന്നത്. അതിലും നല്ല തമാശ പടം ആണല്ലോ ഇവിടെ കളിക്കുന്നത്.
എന്തായാലും മദാമ്മക്കു കാര്യം പിടി കിട്ടി. അവർ ട്രിമ്മർ കയ്യിൽ എടുത്തു ചോദിച്ചു. "What's the number?" trimmeril എത്ര മുടി കുറക്കണം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരം ഞങ്ങൾ നേരത്തെ കാണാതെ പഠിച്ചിരുന്നു. ഒരിഞ്ചു കുറച്ചാൽ മതി എന്നു ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു. മദാമ്മമാർ രണ്ടും പുല്ലു വെട്ടുന്ന ലാഖവത്തോട് കൂടി ഞങ്ങളുടെ തലയിൽ കേറി മേഞ്ഞു.
കുറച്ചു മിനുറ്റുകൾക്കു ശേഷം ഞങ്ങളെ മുടി വെട്ടി കുട്ടപ്പന്മാർ ആക്കി നേർക്കു നേർ തിരിച്ചു. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടല്ലോ. റൂമിയുടെ തല കണ്ടു ഞാൻ ആർത്തു ചിരിച്ചു. എന്റെ തല കണ്ടു അവനും. ഞങ്ങളുടെ തല കണ്ടു റൂമി ചിരിച്ചു ചിരിച്ചു നിലത്തു കിടന്നു ഉരുളുകയാണ്. എത്ര വെട്ടണം എന്നല്ല എത്ര ബാക്കി വെക്കണം എന്നാണ് മദാമ്മ ചോദിച്ചത്. അതു കൊണ്ടു തന്നെ ഒരിഞ്ചു മുടി മദാമ്മമാർ ബാക്കി വെച്ചിട്ടുണ്ട്.
ഞങ്ങളുടെ മുടി മദാമ്മ ആർക്കോ വിഗ് ഉണ്ടാക്കാൻ തൂത്തു കൊണ്ടു പോയെപ്പോ നിർന്നിമേഷരായി നോക്കി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. മൊട്ടാത്തലയിൽ കൈ ഓടിച്ചു ഞങ്ങൾ പുറത്തിറങ്ങിയെപ്പോ റൂമി അവിടെ പോസ്റ്റിൽ തല തല്ലി ചിരിച്ചു നിൽപ്പുണ്ടായിരുന്നു. ഒരു നല്ല തമാശ പടം കണ്ട നിർവൃതിയോടെ. നിങ്ങൾ ഇവിടുത്തെ രീതി ഒക്കെ പഠിക്കുന്നത് വരെ Netflix subscription അങ്ങു ക്യാൻസൽ ചെയ്താലോ എന്നായി അവൻ...
1 comments:
ഈ കോറോണ കാലത്ത് പുറത്തിറങ്ങാൻ നിവർത്തിയില്ലാതെ ഭാര്യയുടെ 'കത്തിക്ക്' അല്ല കത്രികക്കു മുന്നിൽ തല വെച്ചു കൊടുക്കുമ്പോഴാണ് പഴയ ഒരു മുടിവെട്ട് കഥ ഓർമ വന്നത്.
Post a Comment