Sunday, January 12, 2020

മൂന്നാം നിയമം

എല്ലാരേയും പോലെ ഇഞ്ചിനീരാവാൻ, ഫിസിക്സ് ഇഞ്ചിപരുവം ആക്കാൻ ആണ് ഞാൻ ട്യൂഷന് പോയത്. ടെറസ് വീടിന്റെ മട്ടുപ്പാവിൽ ഷെഡ് കെട്ടി ആണ് ക്ലാസ്സ് നടക്കുന്നത്. ആണും പെണ്ണും ആയി അറുപത് കുട്ടികളോളം ഉണ്ട് ക്ലാസ്സിൽ. പഠിക്കാൻ ഉള്ള ശുഷ്കാന്തി എല്ലാം ക്ലാസ്സ് തുടങ്ങി പത്ത് മിനുട്ട് കഴിയുമ്പോൾ പോകും. പിന്നെ പഠിച്ചു എൻജിനീയർ ആയി ജോലി കിട്ടി, ലീവ് എടുത്തു എവിടെ കറങ്ങാൻ പോകണം എന്നൊക്കെ ആലോചിച്ചു ഇരിക്കും.

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം എന്റെ ദിവാസ്വപ്നം പാതി വഴി മുടക്കിയ ഒരു കാഴ്ച കണ്ടത്. മട്ടുപ്പാവിലേക്ക് ചേർന്നു നിൽക്കുന്ന തെങ്ങിന്റെ ഓലയിൽ ഇരുന്നു ഒരു കാക്ക കരയുന്നു...അതെ അത്യപൂർവമായ കാഴ്ച്ച അല്ലേ! കാക്ക കാ എന്നു വെക്കുമ്പോ അതിന്റെ വാലും വാ പോലെ തുറക്കും അടുത്ത കായ്ക്ക്‌ അത് അടയും. അടുത്തിരുന്ന കൂട്ടുകാരനെയും ഞാൻ എന്റെ നിരീക്ഷണം വിളിച്ചു കാണിച്ചു...ക്ഷണിക്കാത്ത മറ്റൊരാളും ഇതു കാണുന്നുണ്ടായിരുന്നു..

സാർ ഞങ്ങളെ പൊക്കി...എണീറ്റു പോരാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്തായിരുന്നു അവിടെ സംഭാഷണം എന്നായി ചൂരൽ, അല്ല സാർ. തടി തപ്പാൻ എന്റെ കൂടെ നിന്ന ചതിയൻ ചന്തു വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു കൊടുത്തു...ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി...ഇതിനാണോടാ ഫിസിക്സ് പഠിക്കാൻ വരുന്നെത് എന്നു ചോദിച്ചു സാർ ചൂരലുമായി എന്റെ നേർക്കു ചാടി...അയ്യോ സർ ഞാൻ ന്യൂട്ടന്റെ മൂന്നാം നിയമം ഓർത്തു പോയതാ എന്നായി ഞാൻ...ഒന്നും മനസ്സിലാവാതെ കാക്കയുടെ ഉൾപ്പടെ 122 കണ്ണുകൾ എന്നെ തുറിച്ചു നോക്കി..

അല്ല Every action has equal and opposite reaction എന്നാണല്ലോ..കാക്ക കാ എന്നു വെക്കുമ്പോ വാലു തുറക്കുന്നതും ഈ നിയമത്തിന്റെ പ്രാക്ടിക്കൽ ആപ്പ്ളിക്കേഷൻ അല്ലെ സർ എന്നായി ഞാൻ...ഇതു പറഞ്ഞു തീർന്നതും ചൂരൽ എന്റെ തുടക്കു വീണതും ഒരുമിച്ചായിരുന്നു...അപ്രതീക്ഷം ആയി വന്ന അടി കൊണ്ടു ഞാൻ അയ്യോ എന്ന്‌ നില വിളിച്ചു...

അടി കൊണ്ടപ്പോ നീ നിലവിളിച്ചതും മൂന്നാം നിയമം അല്ലേടാ എന്നായി സർ...സാറേ ഇതു മൂന്നാം നിയമം അല്ല മൂന്നാം മുറയായി പോയി എന്നു ഞാൻ മനസ്സിൽ പറഞ്ഞു...
Share:

1 comments:

ArunG ~ അരുൺജി said...

സാറേ ഇതു മൂന്നാം നിയമം അല്ല മൂന്നാം മുറയായി പോയി എന്നു ഞാൻ മനസ്സിൽ പറഞ്ഞു....