Tuesday, May 15, 2018

കണ്ണട

TT  ടീച്ചർമാർ പഠിപ്പിക്കാൻ വന്നപ്പോഴാണ് എന്റെ കാഴ്ച ശക്തിയുടെ അപാരത എനിക്ക് മനസ്സിലായത്. സ്ഥിരം 2nd ബെഞ്ചായിരുന്ന എന്നെ, പൊക്കത്തിന്റെ പേരും പറഞ്ഞു 2nd ലാസ്റ്റ് ബെഞ്ചിലേക്കു അവർ തട്ടി. T T ടീച്ചർമാരുടെ മുഖമുദ്രയായിരുന്ന വർണകടലാസു ഒരിക്കൽ അവർ ബോർഡിൽ തൂക്കി ഇട്ടു. എനിക്ക്‌ മൊത്തത്തിൽ ഒരു മങ്ങൽ. കടലാസിന്റെ നിറമല്ലാതെ അക്ഷരം ഒന്നും കണ്ണിനു പിടിക്കുന്നില്ല. ചുമ്മാ അല്ല ബാക്ക് ബെഞ്ചിലിരിക്കുന്ന പിള്ളേർക്ക് എല്ലാം മാർക്ക് കുറവ്. നമ്മുടെ പാഠ്യ വ്യവസ്ഥയുടെ കുഴപ്പം തന്നെ...അങ്ങനിരിക്കെ ടീച്ചർ ഓരോരുത്തരെ ആയി എഴുന്നേൽപ്പിച്ചു കടലാസിൽ എഴുതിയിരിക്കുന്നതു വായിപ്പിക്കാൻ തുടങ്ങി. എന്റെ അടുത്തിരുന്ന മറ്റൊരു പൊക്കകാരൻ മണി മണി പോലെ വായിച്ചു. ഞാൻ മാത്രം എണീറ്റു മിണുങ്ങസ്യാ കണക്കെ നിന്നു...ആ നിന്ന നിൽപ്പിൽ എന്റെ ബോധമണ്ഡലത്തിൽ ഒരു സീറോ വാട്ട് ബൾബ് തെളിഞ്ഞു. മൂക്കിന്റെ പാലത്തിൽ കണ്ണട വെക്കേണ്ട കാലം അതിക്രമിച്ചു....

കാലം പിന്നേം കുതിരയെ പോലെ പാഞ്ഞു. കണ്ണടയുടെ പവർ കൂടിയതല്ലാതെ കാഴ്ചക്ക് മെച്ചമൊന്നുമില്ല. സോഡാകുപ്പിയിലൂടെ പൂർവാധികം മുഴച്ച കണ്ണുകൾ കണ്ട് പെണ്ണ് കാണാൻ ചെന്ന പെണ്കുട്ടികൾ ബോധം കെട്ടതല്ലാതെ കണ്ണട കൊണ്ടു പ്രയോജനം ഒന്നും ഉണ്ടായില്ല.

കണ്ണട കൊണ്ടു ഒരു ഉപകാരം ഉണ്ടാകാൻ വീണ്ടും വർഷങ്ങൾ വേണ്ടി വന്നു. ഒരിക്കൽ ഒരുമ്മ കൊടുത്തു സ്നേഹം പ്രകടിപ്പിക്കാൻ തുനിഞ്ഞ എന്റെ കണ്ണട അടിച്ചു മാറ്റി എന്റെ മകൻ അതിന്റെ കാലൊടിച്ചു. അമേരിക്കയിൽ തുമ്മിയാൽ പോക്കറ്റിൽ നിന്നു ഡോളർ പോകുമെന്ന അവസ്ഥ ആണ്. പിന്നെ കണ്ണട മാറ്റാൻ പോയാൽ പോക്കറ്റ് കീറുകെ ഉള്ളൂ. അതു കൊണ്ടു കണ്ണട കാലു പശ വെച്ചു ഒട്ടിച്ചു വെച്ചു. അങ്ങനിരിക്കെ ഒരു കാർ മേടിക്കാനായി ഒരു അവധി ദിവസം ഞാൻ ഇറങ്ങി..അമേരിക്കയിൽ കാർ മേടിക്കുന്നത് മീഞ്ചന്തയിലേത് പോലെ ആണ്. പേശാൻ അറിയാവുന്നവന് വിലക്കുറവിൽ കാർ കിട്ടും. നാട്ടിൽ മീഞ്ചന്തയിൽ പോയി ചീഞ്ഞ മീനിന് നല്ല മീനിന്റെ ഇരട്ടി വില കൊടുത്തു വാങ്ങുന്ന എന്റെ വിലപേശലിൽ ഉള്ള വിശ്വാസം കൊണ്ടു രണ്ടു പേരെ കൂടെ കൂട്ടി. രണ്ടു പേരും കാർ വാങ്ങി പരിചയം ഉള്ളതിനാൽ വില കുറയും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ. ഡീലർഷിപ്പിൽ ചെന്നതും പാതി ശ്വാസം പോയി. കുത്താൻ വരുന്ന കാട്ട് പോത്തിനെ പോലെ ഒരു ആജാനബാഹു... ചെന്ന പാടെ അങ്ങേരു വില പേശൽ തുടങ്ങി. അങ്ങേരുടെ ഇംഗ്ലീഷിൽ ഉള്ള ഗൽപനങ്ങൾ പകുതിയും മനസ്സിലാവാതെ ഞാൻ വെളുക്കെനെ ചിരിച്ചു...പോത്തു പണ്ട് പ്രോഗ്രാമർ ആയിരുന്നത്രെ, ഇന്ത്യക്കാർ വന്നു കേറി അങ്ങേരുടെ പണി കളഞ്ഞതാ. അതിന്റെ ദേഷ്യം അങ്ങേർക്കുണ്ട്.കൂടെ വന്നവരും ഞാനും കാട്ടു പോത്തിനെ തളയ്ക്കാൻ ഉള്ള ശ്രമം തുടർന്നു... ഘോര ഘോരം പേശൽ തുടരവേ കണ്ണട കാലു ദാ കിടക്കുന്നു പൊട്ടി മേശപ്പുറത്തു...അതു വീണ്ടും എടുത്തു തിരികെ വെച്ചു വീണ്ടും പേശൽ തുടർന്നു. രണ്ടു മിനിറ്റ് വേണ്ടി വന്നില്ല കണ്ണടകാല് വീണ്ടും പൊട്ടി മേശപ്പുറത്തു വീണു. വെട്ടാൻ വന്ന പോത്തിന്റെ ഇടങ്കണ്ണിൽ എവിടെയോ ഒരു കണ്ണീർ പൊടിഞ്ഞു. അവന്റെ ഇടനെഞ്ചിലെ മിടിപ്പിന്റെ താളം ഒരു നിമിഷാർദ്രത്തിലേക്കു തെറ്റി. വെളിക്കിരിക്കാൻ കക്കൂസ് പണിയുന്ന മോദിജിയുടെ ഇന്ത്യയിൽ നിന്നു വന്ന എന്റെ അവസ്‌ഥ അവന്റെ മനസ്സിനെ അലിയിച്ചോ??? അടുത്ത നിമിഷം അവൻ വില 2000 ഡോളർ കുറച്ചു ഞങ്ങൾ പറഞ്ഞ വിലയിൽ ഡീൽ പറഞ്ഞു.

H1B ക്കാരെ നാട്ടിലേക്കു അയക്കാൻ കുറുക്കു വഴികൾ തേടുന്ന ട്രംപ്  അണ്ണാ, നിങ്ങൾക്കില്ലാതെ പോയെല്ലോ ഈ പോത്തണ്ണന്റെ മനസ്സ്...
Share:

1 comments:

ArunG ~ അരുൺജി said...

TT ടീച്ചർമാർ പഠിപ്പിക്കാൻ വന്നപ്പോഴാണ് എന്റെ കാഴ്ച ശക്തിയുടെ അപാരത എനിക്ക് മനസ്സിലായത്.