Monday, December 25, 2017

ഡിക്ഷണറിയുടെ ചതി

മെമു പ്ലാറ്ഫോമിൽ എത്തുന്നെതിനു മുൻപ് പാളം ചാടി കടക്കാൻ തുടങ്ങവേ ആണ് കോളറിൽ പിടി വീണത്. ഒരു തമിഴ് സിംഗം എന്നെ നേരെ റയിൽവേ പോലീസ് സ്റ്റേഷനിലേക്ക് തൂക്കി എടുത്തു. ടൈയും കെട്ടി ചെന്ന എന്നെ കണ്ടു ഇരുമ്പഴിക്കുള്ളിലെ പോക്കറ്റടിക്കാരൻ സല്യൂട്ട് അടിച്ചു. കമ്പനി ബാഡ്ജ് കാണിച്ചു ഊരി പോന്നാലോ?? വേണ്ട, പണ്ട് ഒരു കൂട്ടുകാരൻ കോളേജ് ബാഡ്ജുമായി ഒരു കടയിൽ കോളേജ് പരുപാടിയുടെ പിരിവിന് ചെന്നെതും ഹെൽത്ത് ഇൻസ്‌പെക്ടർ ആണെന്ന് കരുതി കടക്കാരൻ മൂക്കു മുട്ടെ തിന്നാന്‍ കൊടുത്തതും അവസാനം പാത്രം കഴുകി കൈ കുഴഞ്ഞതും മറന്നിട്ടില്ല.

തറയില്‍ കുത്തി ഇരുന്നു ഞാന്‍ സഹതടവുകാരുടെ കൂടെ പൂജ്യം വെട്ടു കളിയ്ക്കാന്‍ തീരുമാനിച്ചിരിക്കെ ആണ് സിംഗംപോലീസിന് ഒരു ബുദ്ധി തോന്നിയത്, ഹെഡ് ഓഫീസിലേക്ക് റിപ്പോര്‍ട്ട്‌ അയക്കാനുള്ള അവസാന തീയതി ആണിന്നു. കഴിഞ്ഞ തവണത്തെ റിപ്പോര്‍ട്ട്‌ കണ്ടു സിംഗത്തിനെ ഇംഗ്ലീഷ് പഠിക്കാന്‍ തിരിച്ചു സ്കൂളില്‍ ചേര്‍ക്കാന്‍ ഇരിക്കെ ആയിരുന്നു. ഈ കമ്പ്യൂട്ടര്‍ തൊഴിലാളിയെ കൊണ്ട് ഇത് മൊത്തം ഇന്ന് ശെരിയാക്കി എടുക്കാം. മൈക്രൊസോഫ്റ്റ് ഡിക്ഷണറി ഉള്ലെപ്പോ നമ്മള് എന്ത് പേടിക്കാന്‍..പക്ഷെ ആ പ്രാര്‍ത്ഥന ഫലിച്ചില്ല...മൈക്രൊസോഫ്റ്റ് ഡിക്ഷണറിയുടെ അല്‍ഗോരിതം എഴുതിയത് സിംഗം അല്ലെല്ലോ. ഒരു വാക്കും മൈക്രൊസോഫ്റ്റ് ഡിക്ഷണറിയ്ക്ക് പിടി കിട്ടുന്നില്ല. അവസാനം രണ്ടു കല്പിച്ചു എസ്ഐയുടെ സീറ്റില്‍ കുത്തി ഇരുന്നു തന്നത്താന്‍ തിരുത്താന്‍തുടങ്ങി. ഇടയ്ക്കു രണ്ടു മൂന്നു പരാതിക്കാര്‍ വന്നെങ്കിലും ഞാന്‍ എല്ലാം ഒത്തു തീര്‍പ്പാക്കി വിട്ടു.

സിംഗം പിന്നേം വന്നു. ഓഫീസില്‍ നിന്ന് ആരേലും വന്നാലേ വിടുവോള്ളൂ എന്ന്...ഓഫീസില്‍ പണി കൂടിയവനെ തന്നെ ഞാന്‍ രക്ഷിക്കാന്‍ തീരുമാനിച്ചു, അവനെ വിളിച്ചിറക്കി സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. കേക്കാത്ത പാടെ അവന്‍ പറന്നെത്തി. ഗ്രാമര്‍, നാട്ടിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പടിക്കുന്ന ചേട്ടന്റെ മോനെ മഞ്ച് തരാമെന്നു പറഞ്ഞു എങ്ങനേലും കറക്റ്റ് ചെയിച്ചു. സിംഗം കേള്‍ക്കെ ഞാന്‍ പറഞ്ഞു " റിപ്പോര്‍ട്ട്‌ റെഡി ആക്കിയിട്ടുണ്ട് പക്ഷെ ഈ കമ്പ്യൂടര്‍ മൊത്തം വൈറസ്‌ ആണ്..." സിംഗം ഗര്‍ജിച്ചു " നിന്‍റെ കൂട്ടുകാരനെ വിട്ടു കമ്പനയില്‍ നിന്ന് ഒരു ആന്റി വൈറസ്‌ എടുത്തോണ്ട് വാ, അത് ഇന്‍സ്റ്റോള്‍ ചെയ്തിട്ട് നീ പോയാ മതി". ഇങ്ങേർക്കു ഇംഗ്ലീഷ് മാത്രമേ അറിയാത്തെ ഉള്ളൂ. ആന്റി വൈറസ്‌ എന്താന്നൊക്കെ അറിയാം. എന്നെ പോലെ തന്നെ....

അവസാനം കൂട്ടുകാരനെ വിട്ടു കമ്പ്യൂട്ടര്‍ കടയില്‍ നിന്ന് ആന്റി വൈറസ്‌ വാങ്ങിച്ചോണ്ട് വന്ന് അത് ഇന്‍സ്റ്റോള്‍ ചെയ്തിട്ടേ സിംഗം അന്നെന്നെ വിട്ടുള്ളൂ....
Share:

1 comments:

ArunG ~ അരുൺജി said...

ഡിക്ഷണറി ചതിച്ച കഥ