Friday, March 10, 2017

പാളിയ കൃഷിപ്പണി

പതിവ് പോലെ ആഴ്ചാവസാനം ജോലി സ്ഥലത്തു നിന്ന് വണ്ടി കയറി വീട്ടിലെത്തി. ചേട്ടന്റെ മോളെ കളിപ്പിക്കുകയാണ് ഇനിയുള്ള 2 ദിവസത്തെ മെയിൻ ടൈംപാസ്...സിറ്റിയിലെ കൊടും ചൂടിൽ നിന്ന് മാറി നാട്ടിലെ മാവിന്റേം പ്ലാവിന്റേം തണൽ പറ്റി വിശ്രമിക്കാം എന്നുള്ളത് മറ്റൊരാശ്വാസം..

ചേട്ടന്റെ മോളെ നമുക്ക് അമ്മു എന്ന് വിളിക്കാം, അല്ലെങ്കിലും നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുട്ടികളുടേം വിളിപ്പേര് അമ്മു അല്ലെങ്കിൽ അപ്പു എന്നാണല്ലോ...മതത്തിന്റെ അതിർവരമ്പുകൾ പോലും ഭേദിച്ച രണ്ടു പേരുകൾ..വേണ്ട ഫിലോസഫി ശരിയാവൂല...അപ്പൊ പറഞ്ഞു വന്നത്, അമ്മു അംഗൻവാടിയിൽ നിന്ന് കുറച്ചു വിത്ത് കൊണ്ട് വന്നിരുന്നു. കുട്ടികളെ കൃഷിയും അതിന്റെ ഗുണങ്ങളെ പറ്റിയും പഠിപ്പിക്കാൻ ചില നല്ല അധ്യാപകരുടെ ആത്മാർത്ഥമായ ശ്രമം...

കഴിഞ്ഞ വട്ടം ആലുവ മണപുറത്തു നിന്ന് ഞാൻ വാങ്ങി കൊടുത്ത പ്ലാസ്റ്റിക് മൺവെട്ടിയും കൊണ്ടാണ് കർഷക ശ്രീമതി മുറ്റത്തേക്ക് ഇറങ്ങിയത്...പോയ പോക്കിന് പത്രം വായിച്ചോണ്ടിരുന്ന എന്നെ ഒന്ന് പുച്ഛിച്ചു നോക്കുകേം ചെയ്തു..ഒരു കുരുന്നിന്റെ ആ വേശം എന്റെ ഉള്ളിലെ പരിസ്‌ഥിതി ബോധത്തെ ചവിട്ടി ഉണർത്തി...ഞാനും അമ്മുവിൻ്റെ പിന്തുടർന്നു... കുട്ടി കർഷക അവിടെ കഠിനമായ പണിയിൽ ആയിരുന്നു. ആ കുഞ്ഞി കൈകൾ കഷ്ടപ്പെടുന്നത് കണ്ടു ഞാൻ ചെന്ന് അവളുടെ കയ്യിലെ മൺവെട്ടി പിടിച്ചു വാങ്ങി. ഒരു കൊച്ചച്ഛന്റെ എല്ലാ ചുമതലാബോധത്തോടും കൂടി ഞാൻ മണ്ണ് മാന്തി തുടങ്ങി..കമ്പ്യൂട്ടർ പണി പോലല്ല കൃഷിപ്പണി...ഇതിലും ഭേദം fb യിൽ ഫാംവില്ല കളിക്കുന്നതോ, പരിസ്ഥിതി ബോധം ഉണർത്തുന്ന പോസ്റ്റുകൾ ഇടുന്നതോ ആയിരുന്നു...വിയർക്കുന്ന പണി നമുക്ക് പറ്റൂലാ...

അമ്മുവിന്റെ കയ്യിൽ നിന്ന് വിത്തും പിടിച്ചു വാങ്ങി അത് പാകി ഞാൻ മണ്ണ് തിരിച്ചിട്ടു മൂടി.  അഭിമാനം കൊണ്ട് മനം നിറഞ്ഞു ഞാൻ അമ്മുവിനെ നോക്കി...കൃതജ്ഞതയോടെ ഉള്ള അമ്മുവിന്റെ നോട്ടം പ്രതീക്ഷിച്ച ഞാൻ പകരം കണ്ടത് ഭദ്രകാളിയുടെ തീക്ഷണമായ നോട്ടം ആയിരുന്നു...

അവൾ അലറി "എടുക്കെടാ കൊച്ചച്ചാ എന്റെ വിത്ത് ". പണി പാളി...പരിസ്ഥിതി ബോധം, ചുമതലബോധം തുടങ്ങിയ എല്ലാ ബോധവും  കാറ്റിൽ പറന്നു...പണ്ഡാരവിത്തു എവിടെ ആണോ ആവോ...അവൾ കരഞ്ഞു കൊളമാക്കുന്നതിനു മുൻപ് ഞാൻ കയ്യ് കൊണ്ട് മണ്ണ് മാന്തി വിത്തെടുത്തു തിരിച്ചു അവടെ കയ്യിൽ കൊടുത്തു.

വിത്തുമായി അടുത്ത ലൊക്കേഷൻ പിടിക്കുന്നതിനു മുൻപ് അവൾ തിരിഞ്ഞു നിന്ന് പറഞ്ഞു "ഈ കൊച്ചച്ഛൻ എന്റെ മൺവെട്ടിയിൽ എല്ലാം ആട്ടിൻ കാട്ടമാക്കി".
Share:

2 comments:

ArunG ~ അരുൺജി said...

ഒരു പാളിയ കൃഷിപ്പണി.

Anto said...

Athibheekaramaam vidham lalithamaya language :)