Saturday, October 19, 2019

വീണ്ടും ബിമാനത്തിൽ

നിനച്ചിരിക്കാതെയാണ് മറ്റൊരു വിമാനയാത്ര തരപ്പെട്ടത്...ഇത്തവണ ലക്ഷ്യസ്ഥാനം ലണ്ടൻ ആണ്...കഴിഞ്ഞ തവണ പറ്റിയ അബദ്ധങ്ങൾ ഒന്നും പറ്റാതിരിക്കാൻ നല്ല പോലെ ഹോംവർക്ക് ചെയ്താണ് യാത്ര. കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്നും ഒരു മലയാളം-ഇംഗ്ലീഷ് ഭാഷ സഹായിയും കരുതിയിരുന്നു.

തിരുവനന്തപുരം മുതൽ അബുദാബി വരെ കുഴപ്പൊന്നും ഇല്ലാതെ പോയി. അമേരിക്ക പോയതിന്റെ മെച്ചം ഉണ്ട്. നോം ആംഗലേയം ഒക്കെ പഠിച്ചിരിക്കുന്നു...അബുദാബി എത്തിയതും കണ്ടകശനി തുടങ്ങി.. ഇന്റർനെറ്റ് പണി മുടക്കി..ചെവിയിൽ ഇയർഫോൺ തിരുകി ഒരു വെളുമ്പൻ പയ്യൻ ഇരിപ്പുണ്ട്.. കണ്ടിട്ട് ടെക്കി ആണെന്ന് തോനുന്നു..നമ്മളെ പോലെ എഞ്ചിനീയറിംഗ് കാണാതെ പഠിച്ച ടെക്കി അല്ലെന്നു തോനുന്നു . എന്തായാലും അവന്റെ അടുത്ത് പോയി വൈഫൈ കണക്ട് ചെയ്യാൻ സഹായം അഭ്യർത്ഥിച്ചു..സഹായിക്കാം, പക്ഷെ പകരം അവനു കശ്മീർ വേണം അത്രേ !!! പാകിസ്ഥാനി ആയിരുന്നു ആ ശവി... ഉള്ളിലെ ദേശ സ്നേഹി സട കുടഞ്ഞു എഴുന്നേറ്റു... അവന്റെ തലക്ക് പവർ ബാങ്ക് വെച്ച് ഒരു ഏറു കൊടുത്തു ഞാൻ ലണ്ടൻ ഫ്ലൈറ്റിൽ കേറി..

എന്റെ തൊട്ടടുത്ത വിൻഡോ സീറ്റിൽ ഉള്ള ആൾ സിക്ക് ലീവ് ആണെന്ന് തോനുന്നു.. കക്ഷി വന്നില്ല..വിശാലം ആയി ആ സീറ്റിൽ ഇരുന്നു ആകാശ  കാഴ്ചകൾ ആസ്വദിക്കാം എന്ന് വിചാരിച്ചു ഇരുന്നെപ്പോൾ ആണ് മുന്നിൽ ഇരുന്ന മദാമ്മ എന്തൊക്കെയോ ആംഗലേയത്തിൽ മൊഴിഞ്ഞത്...ഞാൻ ചുമ്മാ തലകുലുക്കി...ഇംഗ്ലീഷ്-മലയാളം ഭാഷ സഹായി കൂടെ വാങ്ങാത്തത്തിൽ ഞാൻ എന്നെ തന്നെ ശപിച്ചു... തൽകാലം വിൻഡോ സീറ്റിലേക്ക് ഞാൻ മാറി ഇരുന്നു. നേരത്തെ ഉള്ള സീറ്റിന്റെ മുന്നിലത്തെ സീറ്റിൽ ഇരുന്ന മദാമ്മ സീറ്റ് ബാക്കിലോട്ടു ആക്കി "കിടന്നി"രുന്നു...അപ്പോഴാണ് ഒരൊഴിഞ്ഞ സീറ്റ് കണ്ടു രണ്ടു പേരുടെ നടുക്കിരുന്ന ഒരു സായിപ്പു എന്റെ അടുത്ത് വന്നിരുന്നത്...പണ്ഡാരകാലനും എന്തോ ഇംഗ്ലീഷിൽ മൊഴിഞ്ഞു. മലയാളികളുടെ ആസ്ഥാന ഭാഷയായ തലകുലുക്കിലൂടെ ഞാൻ ആ  സാഹചര്യത്തിൽ നിന്നും കര കേറി..മുന്നിലത്തെ മദാമ്മ സീറ്റ് പുറകിലോട്ടു ആക്കി ഇരുന്നതിനാൽ സായിപ്പിന് നേരെ ഇരിക്കാൻ പറ്റിയില്ല. അങ്ങേരു സീറ്റ് പുറകിലോട്ടു ആക്കി...അത് കണ്ട പിന്നിലത്തെ സീറ്റിലെ അപ്പാവി സീറ്റ് പുറകിലോട്ടു ആക്കി. അതൊരു ചെയിൻ റിയാക്ഷൻ പോലെ പ്ലെയിനിന്റെ പുറകിലേക്ക് പോയി...ഏറ്റവും പുറകിൽ ഇരുന്ന കക്ഷി വെട്ടിലായി...ഇനി പുറകിലോട്ടു സീറ്റ് ആക്കണേൽ പാരച്യൂട്ട് കൂടെ കരുതണം..അങ്ങേരു എയർ ഹോസ്റ്റസ്സിനെ വിളിച്ചു പരാതി പറഞ്ഞു...അത് മറ്റൊരു ചെയിൻ റിയാക്ഷൻ ആയി ഉത്ഭവ സ്ഥാനത്തു തിരിച്ചു എത്തി...എയർ ഹോസ്റ്റസ് ചോദിച്ചപ്പോ എന്നെ ചൂണ്ടി കാണിച്ചു മദാമ്മ പറഞ്ഞു, "ഈ മാങ്ങാതലയനോട് ഞാൻ നേരത്തെ ചോദിച്ചതാ, സീറ്റ് പുറകിലോട്ടു ഇടട്ടെ എന്ന്". ഞാൻ "മുജെ ഇംഗ്ലീഷ് മാലൂം നഹി " എന്ന ഭാവത്തിൽ ഓസിന് കിട്ടിയ കപ്പലണ്ടി കൊറിച്ചിരുന്നു....

അടുത്ത ബിമാന യാത്രക്ക് ഇംഗ്ലീഷ്-മലയാളം ഭാഷ സഹായിയും മലയാളം-ഇംഗ്ലീഷ് ഭാഷ സഹായിയും ഞാൻ കരുതും.... ചന്തുവിനെ "എപ്പോഴും" തോൽപിക്കാൻ നിങ്ങള്ക്ക് പറ്റില്ല മക്കളെ....പറ്റില്ല...

Share:

1 comments:

ArunG ~ അരുൺജി said...

വീണ്ടും വിമാനത്തിൽ...