Wednesday, July 12, 2017

ബിമാന യാത്ര

ആദ്യമായി ഫ്ലൈറ്റില്‍ കയറുന്നത് അമേരിക്കയില്‍ പോകുമ്പോഴാണ്. ഫ്ലൈറ്റില്‍ കയറുന്നതിനു തൊട്ടു മുന്‍പ് എന്‍റെ ബോര്‍ഡിംഗ് പാസ്‌ ഒരു ഫ്ലൈറ്റ് ഒഫീഷ്യല്‍ വാങ്ങി പകരം മറ്റൊരു പാസ്‌ തന്നു. സീറ്റ്‌ നമ്പര്‍ ഒക്കെ മാറിയിട്ടുണ്ട്. എന്താ സംഗതി എന്ന് ഒരു പിടിത്തവും കിട്ടിയില്ല. ഫ്ലൈറ്റില്‍ കയറിയപ്പോള്‍ ആകാശ ആതിഥേയ എന്നെ വിമാനത്തിന്‍റെ മുന്‍ഭാഗത്തേക്ക്‌ കൊണ്ട് പോയി. ബാക്കി എല്ലാരും ബാക്കിലേക്ക്‌ ആണ് പോയത്. ദൈവമേ ഞാന്‍ വല്ല അബദ്ധവും കാണിച്ചോ. ഹേ അല്ല, വളരെ ബഹുമാനത്തോടെ ആണ് എന്നെ കൊണ്ട് പോന്നത്. പണി പാളിയോ...ഞാന്‍ പൈലറ്റ് ആണെന്ന് വല്ലോം കരുതിയോ...ഇനി പൈലറ്റ് അല്ല എന്ന് കാണിക്കാന്‍ ഇവരന്നെ കൊണ്ട് H ഉം 8 ഉം എടുപ്പിക്കുവോ...ഒന്നുമല്ല, എന്‍റെ ടിക്കറ്റ്‌ ഓട്ടോ അപ്ഗ്രേഡ് ആയിരിക്കുന്നു ബിസിനസ്‌ ക്ലാസ്സിലേക്ക്...ആകക്കൂടെ 3 പേരെ ഉള്ളൂ അവിടെ. ഒന്ന് ശ്യാമപ്രസാദ് എന്ന ഡയറക്ടര്‍. മറ്റൊന്ന് ഒരു ഹിന്ദിവാല പിന്നെ തൊട്ടടുത്ത്‌ ഒരു അമ്മച്ചി, തനിനാടന്‍ അമ്മച്ചി ആണ്. സാരി ഒക്കെ ചുറ്റി ആണ് ഇരുപ്പ്. ആദ്യമായി ഫ്ലൈറ്റില്‍ കയറുന്നതാവും. പൂര്‍ ഗ്രാന്‍ഡ്‌മാ...

എയര്‍ ഹോസ്റ്റെസ് വന്ന് സെക്യൂരിറ്റി-കാണ്ഡം കഥകളി അവതരിപ്പിച്ചു...ഒന്നും മനസിലായില്ലേലും ഞാന്‍ കയ്യടിച്ചു...വേറെ ആര്‍ക്കും ഇഷ്ടമായില്ലെന്നു തോന്നുന്നു.അല്ലേലും ഈ പണക്കാര്‍ക്ക് പാവം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ തീരെ താല്പര്യമില്ല...അടുത്ത പാര സീറ്റ്‌ ബെല്‍റ്റ്‌ ആണ്...പണ്ടാരം എങ്ങനെ കെട്ടും എന്ന് ഒരു പിടിയുമില്ല...ഒറ്റ കെട്ടു മതിയോ അതോ കടുംകെട്ടു വേണോ...അല്ലേല്‍ പിന്നെ ഷൂ ലയ്സ് കെട്ടുന്ന സ്റ്റൈല്‍ ആയാലോ, അതാവുമ്പോ ഊരാനും എളുപ്പമുണ്ട്..ഇജ്ജാതി ചിന്തകള്‍ എന്‍റെ ശിരോമണ്ഡലത്തില്‍ കിടന്ന് അക്കുത്ത് ഇക്കുത്തു കളിക്കവേ അടുത്തിരുന്ന അമ്മച്ചി അതാ സിമ്പിള്‍ ആയി സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നു.അപ്പൊ അമ്മച്ചി പുലി ആയിരുന്നല്ലേ...എന്നാലും പുള്ളിക്കാരിയോട് ചോദിയ്ക്കാന്‍ ഒരു മടി...അമേരിക്കക്ക് പോകാന്‍ ഇവിടുന്നേ കോട്ടും സൂട്ടും ഒക്കെ ഇട്ടിരിക്കുന്ന ഞാന്‍ എങ്ങനെയാ ഏതു....വില പോവില്ലേ...പ്ലൈന്‍ അനങ്ങി തുടങ്ങി..എന്‍റെ തലേടെ മേളിലുള്ള ബള്‍ബ്‌ മാത്രം കെടുന്നില്ല. എയര്‍ ഹോസ്റ്റെസ് ഓടി വന്നു...സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടാലെ ബള്‍ബ്‌ കെടൂ പോലും...പിന്നെ ഒന്നും നോക്കിയില്ല സാഷ്ടാംഗം ഈര്‍ക്കിലി പോലെ ഉള്ള കാലില്‍ ഞാന്‍ വീണു..രക്ഷിക്കണം എനിക്കിതിന്‍റെ സുടാപ്പികേശന്‍ അറിഞ്ഞൂടാ എന്‍റെ പെങ്ങളെ...ആ മാലാഖ എനിക്ക് ബെല്‍റ്റ്‌ ഇട്ടു തന്നു...തൊട്ടടുത്തിരുന്ന അമ്മച്ചി ഒന്ന് ആക്കി ചിരിച്ചോ??? ഹേയ് വെറുതെ തോന്നിയതാവും...

ഫ്ലൈറ്റിന്‍റെ സ്പീഡ് കൂടി...അങ്ങനെ ഇതാ  എനിക്കും ചിറകുകൾ മുളക്കുന്നു....ചെവി മൊത്തത്തില്‍ മൂടി കെട്ടി..കുറച്ചു ഉമിനീര് ഇറക്കിയെപ്പോള്‍ ശെരിയായി. പൊങ്ങിയ പാടെ ഒരു ടാബ്ലെറ്റ് കൊണ്ട് തന്നു മാലാഖ...എനിക്ക് മാത്രം സ്പെഷ്യല്‍ ആയി പറഞ്ഞു തരുന്നു...ദേ ഇവിടെ ഞെക്കിയാ സ്ക്രീന്‍ ഓണാവും, ഇവിടെ ഞെക്കിയാ സിനിമ പ്ലേ ആകും..ഒന്നും അല്ലേലും ഞാന്‍ ഒരു കമ്പ്യൂട്ടര്‍ ഇഞ്ചിനീര്‍ അല്ലെ, ഇങ്ങനൊക്കെ നാറ്റിക്കാമോ. കുറച്ചു കഴിഞ്ഞെപ്പോ ഫുഡിന്‍റെ വരവായി...എന്തോ പച്ചക്കറിയും പച്ച ചിക്കനും..ഫോര്‍ക്ക് അത്രെ ഫോര്‍ക്ക് എന്‍റെ പട്ടിക്കു വേണം അത്..ഞാന്‍ കൈ കൊണ്ട് വാരി തിന്നു...കുറച്ചു കഴിഞ്ഞെപ്പോ ധാ വരുന്നു ഒരു ബൌളില്‍ ചൂട് വെള്ളം..ചിക്കെന്‍റെ കൂടെ കിട്ടിയ നാരങ്ങ പിഴിഞ്ഞ് ചായേടെ കുറച്ചു പഞ്ചസാരയും കൂട്ടി ഞാന്‍ നാരങ്ങ വെള്ളം കുടിച്ചു...ഹൌ ഫുഡ്‌ അടിച്ചു നാരങ്ങ വെള്ളം കുടിച്ചാ ദഹനത്തിന് നല്ലതാ എന്ന് അപ്പനപ്പൂപ്പന്മാര്‍ പറഞ്ഞത് എത്ര കറക്റ്റ് ആണ്...കൈ തുടക്കാന്‍ ടിഷ്യു പേപ്പര്‍ മാത്രം ഇല്ല.. അമ്മച്ചിക്ക് നാരങ്ങ വെള്ളം ഉണ്ടാക്കാന്‍ അറിഞ്ഞൂടെന്നു തോന്നുന്നു, പുള്ളിക്കാരി ആ വെള്ളം എടുത്തു കൈ കഴുകുന്നു.. അങ്ങനെ തന്നെ വേണം, ഞാന്‍ ബെല്‍റ്റ്‌ ഇടാന്‍ കഷ്ട്പെട്ടപ്പോ ഹെല്‍പ് ചെയ്തിരുന്നേല്‍ ഞാനും സഹായിച്ചേനെ...മാലാഖ വന്നെപ്പോ ഞാന്‍ ടിഷ്യു ചോദിച്ചു...അവര്‍ എന്നെ തുറിച്ചു നോക്കി ചോദിച്ചു , കൈ കഴുകാന്‍ തന്ന വെള്ളം എന്തിയേ മനുഷ്യാ...പണി പിന്നേം പാളി...കൈ കഴുകാന്‍ ഒക്കെ റീസൈക്കില്ല്ടു വാട്ടര്‍ ആണത്രേ തരുന്നേ...മനസിലായില്ലേ അതായത് നമ്മള്‍ വേസ്റ്റ് ആക്കുന്ന സാധനങ്ങളില്‍(നിങ്ങള്‍ ഉദേശിച്ചത്‌ തന്നെ) നിന്ന് ഉണ്ടാക്കുന്ന വെള്ളം....പുഴ വെള്ളം ആവിയായി ആകാശത്ത് പോയി മഴയായി പെയ്യുന്ന പോലെ.... അത് കേട്ടപ്പോള്‍ മുതല്‍ വയറില്‍ ഒരാളല്‍.ബെല്‍റ്റ്‌ അഴിക്കാതെ ആണ് ഇരുപ്പു, ഇടാന്‍ പിന്നേം മലാഖെ വിളിക്കണം..രണ്ടും കല്പിച്ചു സീറ്റ്‌ ബെല്‍റ്റ്‌ ഊരി ടോയ്ലെറ്റില്‍ പോയി..അവിടുത്തെ ടെക്നോളജി പഠിക്കാന്‍ വീണ്ടും എടുത്തു അര മണിക്കൂര്‍..ആരൊക്കെയോ വന്നു വാതിലില്‍ മുട്ടി, ഞാന്‍ അനങ്ങിയില്ല..അവസാനം ഞാന്‍ ടോയ്ലെറ്റിന്‍റെ പുറത്തിറങ്ങി...ശ്യാമ പ്രസാദ്‌ ഇരുന്നുറങ്ങുന്നു..പുള്ളിയുടെ ഫിലിം ഒന്നും അന്ന് ഞാന്‍ കണ്ടിരുന്നില്ല, അത് കൊണ്ട് മുട്ടാന്‍ പോയില്ല...ഒരു ജാട തെണ്ടി ആണ് ഞാന്‍ എന്ന് പുള്ളി വെറുതെ വിചാരിച്ചോട്ടെ...

കൂട്ടരേ, സീറ്റ്‌ ബെല്‍റ്റിന്‍റെ ടെക്നോളജി ഞാന്‍ ഹൃദിസ്ഥം ആക്കിയിരിക്കുന്നു..ആഹ്ലാദിപ്പിന്‍..ആഹ്ലാദിപ്പിന്‍..ഹാലേലുയ്യ..ഒന്നുറങ്ങാന്‍ തുടങ്ങിയെപ്പോള്‍ അതാ ആരോ തോണ്ടുന്നു..ഹിന്ദിവാല ആണ്..അങ്ങേരു കണ്ണ് അടച്ച് ബെള്ളം ബെള്ളം എന്ന് മിതമായ സൌണ്ടില്‍ കേഴുന്നു...എന്നിലെ സഹാനുഭാവാന്‍ ഉണര്‍ന്നു..ഞാന്‍ ഓടി ചെന്ന് മാലാഖയോട് പറഞ്ഞു. "ദാറ്റ്‌ ഹിന്ദിവാല ഈസ്‌ ടയിംഗ്, ഗിവ് ഹിം സം വാട്ടര്‍". മാലാഖ അപായ സൂചന മുഴക്കി ഓടി വന്നു..ഹിന്ദിവാല ഒന്നും അറിയാത്ത പോലെ അവരെ തുറിച്ചു നോക്കി...കാലമാടന്‍ ഉറക്കത്തില്‍ വെള്ളം കുടിക്കുന്ന സ്വപ്നം കണ്ടതാണ് എന്ന് തോന്നുന്നു...ഞാന്‍ പിന്നേം ഇളിഭ്യന്‍..സത്യം ആയിട്ടും അങ്ങേരു വെള്ളം ചോദിച്ചതാ മാലാഖേ...ആര് വിശ്വസിക്കാന്‍..പ്രത്യേകിച്ച് മറ്റ് സംഭവ വികാസങ്ങള്‍ ഒന്നുമില്ലാതെ ഫ്ലൈറ്റ് അങ്ങനെ ഇടക്കാല സ്റ്റോപ്പ്‌ ആയ അബുദാബിയില്‍ ഇറങ്ങി..മാലാഖയോട് ഇനി  സ്വര്‍ഗത്തില്‍ വെച്ചു കാണാം എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങാന്‍ ഒരുങ്ങി. ഇറങ്ങുന്ന വഴിക്ക് എക്നോമി ക്ലാസ്സില്‍ തിക്കി തിരക്കി ഇരിക്കുന്ന അശുക്കളെ നോക്കി ഒന്ന് പുച്ചിച്ചു..

ടെര്‍മിനലില്‍ എത്തിയെപ്പോ അമ്മച്ചിയും അവിടുണ്ട്. പുള്ളിക്കാരിയും അമേരിക്കക്ക് ആണ്...അമ്മച്ചി ഒരു ഫോണ്‍ ബൂത്തില്‍ ചെന്ന് നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്നു.. ഞാനും പതുക്കെ പോയി നോക്കി..നോ രക്ഷ ഡോളര്‍ ഇടാന്‍ പറ്റുന്നില്ല ആ ഫോണില്‍.പിന്നെ എങ്ങനാ ഈ അമ്മച്ചി ഫോണ്‍ വിളിച്ചേ..നാട്ടില്‍ വിളിക്കുകേം വേണം. മാലാഖ ആണേല്‍ പോകുകേം ചെയ്തു...അവസാനം ഞാന്‍ കോട്ട് ഊരി മാറ്റി, ഇന്‍ ചെയ്ത ഷര്‍ട്ട്‌ പുറത്തിട്ടു...അഹന്തകള്‍ ഒക്കെ വെടിഞ്ഞ് കൈ കൂപ്പി അമ്മച്ചിയുടെ അടുത്ത് ചെന്നു. "അമ്മച്ചി രക്ഷിക്കണം, ഈ ജാട ഒക്കെ ഉള്ളന്നെ ഉള്ളൂ ഞാന്‍ ഒരു പാവമാ. ഇഞ്ചിനീര്‍ എന്നൊക്കെ പറയാമെന്ന് അല്ലാതെ പ്രാക്ടിക്കല്‍ ജ്ഞാനം ഒക്കെ കമ്മിയാ...ആ ഫോണിന്‍റെ സുടാപ്പികേശന്‍ ഒന്ന് പറഞ്ഞു തരാമോ???" . അമ്മച്ചി പുഞ്ചിരിച്ചു, അവര്‍ വന്നു ഫോണ്‍ വിളിച്ചു തന്നു..വീട്ടില്‍ വിളിചെതിന് ശേഷം അമ്മച്ചിയോട്‌ കാര്യങ്ങള്‍ തിരക്കി...അമ്മച്ചി അമേരിക്കന്‍ സിറ്റിസണ്‍ ആണ്, സ്ഥിരം ഇന്ത്യയില്‍ വീട്ടിലെ പയറിനു വെള്ളം ഒഴിക്കാന്‍ വന്ന് പോകാറുള്ള ടീം ആണ്...ആ അമ്മച്ചിയോടാ എന്‍റെ കളി....
Share:

1 comments:

ArunG ~ അരുൺജി said...

ബിമാന യാത്ര