Friday, July 15, 2011

Murder attempt

ഒരു തിരിച്ചു പോകല്‍ സാധ്യം ആയിരുന്നെങ്കില്‍ . കുട്ടികാലത്തിന്‍റെ നൈര്‍മല്ല്യത്തിലേക്ക് ഒരു തിരിച്ചു പോക്ക്. പിരിമുറുക്കങ്ങള്‍ ഇല്ലാത്ത, സ്നേഹലാളനകള്‍ മാത്രം ഉണ്ടായിരുന്ന ആ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്.

1983 നവംബര്‍ മൂന്നിലെ ഒരു സായംസന്ധ്യ, ചിത്തിര നക്ഷത്രജാതനായി ഞാന്‍ പിറന്നു. പിറന്നു വീണത്‌ ആശുപത്രിയില്‍ ആയത് ഭാഗ്യം. ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും എന്നാണല്ലോ. വീട് രക്ഷപെട്ടു....

വീട്ടിലെ ഇളയ മകളുടെ ഒരേ ഒരു മകനായി ജനിച്ചത്‌ കാരണവും കുടുംബത്തിലെ ഇളയ ആണ്‍തരി ആയതിനാലും സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞതായിരുന്നു കുട്ടികാലം. കുടുംബത്തിലെ മറ്റു കുട്ടികള്‍ വാത്സല്യം പ്രകടിപ്പിച്ചിരുന്നത് മാറ്റൊരു തരത്തിലായിരുന്നു.

ജിജി ഒരു അമ്മാവന്‍റെ മകന്‍ ആണ്. തനിക്ക് താഴെ മറ്റൊരു ആണ്‍തരി എത്തിയത് ടിയാന് ലേശവും ഇഷ്ടപെട്ടിട്ടില്ല. വീട്ടിലെ പെണ്ണുങ്ങള്‍ എല്ലാം അടുക്കളയില്‍ ആയിരുന്ന ഒരു ദിവസം, ജിജി തന്‍റെ ഉണ്ണി കാലുകള്‍ കൊണ്ട് ശബ്ദം കേള്‍പ്പിക്കാതെ അടുക്കളയുടെ പുറകു വശത്ത് എത്തി. അവിടെ വെള്ളം പിടിച്ചു വെച്ചിരുന്ന ചരുവത്തില്‍ നിന്നും ഒരു മഗ്ഗില്‍ വെള്ളവും എടുത്തു പതുക്കെ ഞാന്‍ കിടക്കുന്ന മുറിയിലേക്ക് അവന്‍ കടന്നു.അതാ കിടക്കുന്നു പട്ടുമെത്തയില്‍ തന്‍റെ സ്നേഹനിര്‍ഭരമായ നല്ല കാലങ്ങള്‍ കവര്‍ന്നെടുത്ത കുട്ടി പിശാച്... അവന്‍ മനസ്സില്‍ ഓര്‍ത്തു.... അന്ന് വരെ താന്‍ കിടന്നുറങ്ങിയ പട്ടു മെത്ത...തന്നെ മാത്രം ലാളിച്ചിരുന്ന അമ്മമാര്‍ .... തനിക്ക് മാത്രം സ്വന്തമായിരുന്ന കളിപ്പാട്ടങ്ങള്‍...ജിജി താന്‍ കൊണ്ട് വന്ന മഗ്ഗു എന്‍റെ നേരെ ഉയര്‍ത്തി... ഞാന്‍ അപകടം മണത്തു, ജിജിയെ നോക്കി ചിരിച്ചു നോക്കി, പക്ഷെ അവനില്‍ ഒരു മാറ്റവും കണ്ടില്ല. കരാള ഹൃദയനായ ഇവനോട് ഡിപ്ലോമസി നടക്കില്ല എന്ന് മനസിലായി . പിന്നെ രണ്ടും കല്പിച്ച് നീണ്ട വായില്‍ ഒന്ന് കരഞ്ഞു. പതിവില്ലാതെയുള്ള ജിജിയുടെ പെരുമാറ്റം കണ്ടും എന്‍റെ കരച്ചില്‍ കേട്ടും ഓടി വന്ന വീട്ടിലെ പെണ്ണുങ്ങള്‍ ജിജിയുടെ ചെവിയില്‍ പിടിച്ചു തൂക്കി കൊണ്ട് പോയ്യി. അങ്ങനെ ഞാന്‍ അന്ന് ജലസമാധി അടയാതെ രക്ഷപെട്ടു.... 

സ്വപ്ന വലിയമ്മയുടെ മകള്‍ ആണ്. ഇളയ ഒരു അനിയന്‍ വന്നതില്‍ പുള്ളികാരിക്ക് അസൂയ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജിജിയുടെ ആ കഠോര നടപടിക്ക്‌ ശേഷം വീട്ടുകാര്‍ സംശയ ദ്രിഷ്ടിയോടെ ആണ് മറ്റു കുട്ടികളെ നോക്കിയിരുന്നത്...അതിനാല്‍ സ്വപ്ന പാത്തും പതുങ്ങിയും എന്‍റെ മുറിയില്‍ എത്തി... നേരത്തെ ഉണ്ടായ അനുഭവം വെച്ച് , സ്വപ്നയെ കണ്ടതേ ഞാന്‍ വാവിട്ടു കരഞ്ഞു siren മുഴക്കി. പാവം കുഞ്ഞ്, വിശന്നു കരയുന്നു, സ്വപ്നക്ക്‌ തോന്നി. സ്വപ്ന പതുക്കെ അടുക്കളയിലേക്ക് പോയ്യി. ഞാന്‍ ആശ്വസിച്ചു ,
രക്ഷപെട്ടു..... പക്ഷെ ആ ആശ്വാസം ക്ഷണികം ആയിരുന്നു... സ്വപ്ന തിരികെ എത്തി... പക്ഷെ കയ്യില്‍ എന്തോ ഉണ്ട്... അത് ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്....ദൈവമേ അപായ സൂചന മുഴക്കിയിട്ടു മുതിര്‍ന്നവര്‍ ആരും വരുന്നില്ലല്ലോ ?? പണി പാളുമോ ?? സ്വപ്ന എന്നെ നോക്കി ചിരിച്ചു... ഭൂമിയിലേക്ക്‌ വരുന്നതിനു മുന്‍പ് മാലാഖമാര്‍ പറഞ്ഞു തന്ന കഥയിലെ പൂതനയുടെ മുഖം എനിക്കോര്‍മ വന്നു. കൃഷ്ണ നിഗ്രഹത്തിന് വന്ന പൂതന  കൃഷ്ണനെ നോക്കി പുഞ്ചിരി തൂകിയത് പോലെ സ്വപ്ന എന്നെ നോക്കി ചിരിക്കുന്നു... സ്വപ്ന താന്‍ ഒളിച്ചു കൊണ്ട് വന്ന ആയുധം പതുക്കെ പുറത്തേക്കു എടുത്തു... അത് പിചാത്തിയാണോ അതോ വാക്കതിയാണോ
എന്നതിലെ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് രണ്ടും അല്ല സ്വപ്നയുടെ കയ്യില്‍...  രാവിലെ ജിജിക്ക് വേണ്ടി അവന്‍റെ അമ്മ പ്രത്യേകം ഉണ്ടാക്കിയ ഒരു ചപ്പാത്തി.... ഭാഗ്യം .. ഞാന്‍ വെറുതെ സ്വപ്നയെ തെറ്റിധരിച്ചു. പക്ഷെ അടുത്ത നിമിഷം സ്വപ്ന ആ ചപ്പാത്തി മുഴുവനെയ്യും എന്‍റെ വായിലേക്ക് കുത്തി ഇറക്കി... ഒന്ന് വാവിട്ടു കരയാനും കൂടി പറ്റുന്നില്ല....ദൈവമേ സ്വര്‍ഗത്തില്‍ ഇരുന്നു ബോര്‍ അടിച്ചിട്ട് ഇപ്പോഴാ ഭൂമിയിലേക്ക്‌ ഒന്ന് വന്നത്.... ഇത്ര പെട്ടന്ന് തിരിച്ചു വിളിക്കല്ലേ.... ആ പ്രാര്‍ത്ഥന ദൈവം കേട്ടു എന്ന് തോന്നുന്നു... ആരൊക്കെയോ ഓടി വന്നു സ്വപ്നയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചു..... ഫുഡ്‌ കഴിച്ചു ചാവുന്ന ആദ്യ വ്യക്തി എന്നുള്ള പദവി എനിക്കങ്ങനെ നഷ്ടപെട്ടു....
Share:

2 comments:

ArunG ~ അരുൺജി said...

kuttikaalathe chila ormakal

Lijo Mathew said...

Ella cousins-nte vikriyakal nee vivarichallo!!!